കൊച്ചി: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ജെയ്സിയുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് അറസ്റ്റിലായത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടുന്നതിൽ നിര്‍ണായകമായത്. സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്ന ഗിരീഷ് ഖദീജയുമായി ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. ഫ്ളാറ്റിൽ മറ്റാരും ഉണ്ടാൻ സാധ്യത ഇല്ലാത്ത ഞായറാഴ്ച കൊല നടത്താൻ തിരഞ്ഞെടുക്കുകയായിരുന്നു.
രാവിലെ അപ്പാർട്ട്മെന്‍റിലെത്തിയ ഗിരീഷ് ജെയ്സിക്കൊപ്പം മദ്യപിക്കുകയും ബാഗിൽ കരുതിയിരുന്ന ഡംബൽ എടുത്ത് ജയ്‌സിയുടെ തലയ്ക്ക് പലവട്ടം അടിക്കുകയും ആയിരുന്നു. നിലവിളിക്കാൻ ശ്രമിച്ച ജയ്സിയുടെ മുഖം തലയണ വെച്ച് അമർത്തിപ്പിടിച്ചു. പിന്നീട് മരണം ഉറപ്പാക്കിയ ശേഷം കുളിമുറിയിൽ തെന്നി വീണാണ് മരണം എന്ന് തെറ്റിദ്ധരിപ്പിക്കാൻ മൃതദേഹം കുളിമുറിയിലേക്ക് മാറ്റി.
ജയ്സി കൈകളിൽ ധരിച്ചിരുന്ന രണ്ട് സ്വർണ്ണ വളകളും ജെയ്സിയുടെ രണ്ട് മൊബൈല്‍ ഫോണുകളും ഗിരീഷ് കൈക്കലാക്കി. കൊലപാതക വിവരം കൂട്ടുപ്രതിയായ ഖദീജയെ അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ അപ്പാർട്ട്മെന്‍റിനും പരിസരത്തും എത്തി പോലീസിന്‍റെ നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്തു.