തൃശ്ശൂർ : ചേലക്കരയിൽ ഡിഎംകെ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത് എന്ന് പിവി അൻവർ. 3920 വോട്ടുകളാണ് ചേലക്കര മണ്ഡലത്തിൽ നിന്നും ഡിഎംകെ നേടിയിരുന്നത്. ഇത് വലിയ ജനപിന്തുണയാണ് എന്നും പിവി അൻവർ സൂചിപ്പിച്ചു.
പിണറായിസത്തിന് എതിരായുള്ള വോട്ടുകളാണ് ഡിഎംകെക്ക് ലഭിച്ചത്. ഈ സര്‍ക്കാരിന്‍റെ പല ചെയ്‌തികളും ബഹുജന സമക്ഷത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞ രണ്ടര മാസത്തിനിടയ്ക്ക് തനിക്ക് സാധിച്ചു. ഗവൺമെന്‍റിനെതിരെയും മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയും ഡിഎംകെ പറഞ്ഞ കാര്യങ്ങൾ ശരിവയ്‌ക്കുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പ് ഫലമാണ് കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിലും പ്രതിഫലിച്ചത് എന്നും പി വി അൻവർ അഭിപ്രായപ്പെട്ടു.
ചേലക്കരയിൽ കുറഞ്ഞത് 5000 വോട്ടുകൾ എങ്കിലും ലക്ഷ്യമിട്ടിരുന്നു. എന്നാൽ 3920 വോട്ടുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. ഡിഎംകെയെ പിന്തുണയ്‌ക്കുന്ന 80 ശതമാനം ആളുകളും സിപിഎമ്മിൽ നിന്നുള്ളവരാണ്. പിണറായിസം ഇനിയും തുടരാനാണ് സിപിഎം ഉദ്ദേശിക്കുന്നതെങ്കിൽ 2026ലെ തെരഞ്ഞെടുപ്പ് സിപിഎമ്മിനെ സംബന്ധിച്ച് മറ്റൊരു പശ്ചിമബംഗാൾ ആയിരിക്കുമെന്നും പിവി അൻവർ വ്യക്തമാക്കി.