കോഴിക്കോട്: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാഷ്ട്രീയ കാരണങ്ങളാൽ ദുരന്തബാധിതരെ ഒറ്റപ്പെടുത്തുന്നതും പിന്തുണ നിഷേധിക്കുന്നതും അസ്വീകാര്യമാണെന്ന് പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.
വയനാടിനെ തകർത്തെറിഞ്ഞ ഉരുൾപൊട്ടലുണ്ടായിട്ടും, ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ ബിജെപി സർക്കാർ വിസമ്മതിക്കുകയാണ്. ദുരിതമനുഭവിക്കുന്നവർക്ക് അവശ്യസഹായം നിഷേധിക്കുന്നു. ഇത് വെറും അശ്രദ്ധയല്ല. സങ്കൽപ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോടുള്ള അനീതിയാണിത്.
ദുരന്തസമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദർശിക്കുകയും അതിൻ്റെ പ്രത്യാഘാതങ്ങൾ നേരിട്ട് കണ്ടതുമാണ്. എന്നിട്ടും കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കുകയും നിർണായക സഹായങ്ങൾ തടയുകയും ചെയ്യുന്നു. ഹിമാചൽ പ്രദേശിലെ ജനങ്ങൾ വലിയ ദുരിതമനുഭവിക്കുന്ന സമയത്തും അതുതന്നെയാണ് ചെയ്തത്. മുൻകാലങ്ങളിൽ ഇത്രയും വലിയ ദുരന്തങ്ങൾ ഇങ്ങനെ രാഷ്ട്രീയവത്കരിക്കപ്പെട്ടിരുന്നില്ലെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു.