അബുദാബി: ജി സി സി(ഗൾഫ് സഹകരണ കൗൺസിൽ) രാജ്യങ്ങളില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നൂറോളം സ്റ്റോറുകള്‍ തുറക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പ് . ഇത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ലുലു റീട്ടെയില്‍ സ്ഥാപകനും ചെയര്‍മാനും നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ യൂസഫലി എംഎ വ്യക്തമാക്കി.
”ജിസിസി വളരെ ശക്തമായ ഒരു സമ്പദ് വ്യവസ്ഥയാണ് , ഞങ്ങള്‍ ഒരു പാന്‍ – ജിസിസി റീട്ടെയിലറാണ്. ഇവിടത്തെ ജനസംഖ്യ അനുദിനം വര്‍ധിച്ചുവരികയാണ്. അതുകൊണ്ടു തന്നെ കൂടുതല്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ക്ക് ഇവിടെ സാധ്യതയുണ്ട്” – എംഎ യൂസഫലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജിസിസി രാജ്യങ്ങളില്‍ 91 ലുലു റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി ലുലു റീട്ടെയില്‍ സിഇഒ സൈഫി രൂപാവാല അറിയിച്ചു. ‘നിലവില്‍ ലുലുവിന്റെ 240 സ്റ്റോറുകളിലായ 50,000 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇനി വരാൻ പോകുന്ന സ്റ്റോറുകൾ, വലുപ്പത്തിലും പ്രവർത്തനത്തിലും വ്യത്യസ്തമായിരിക്കും. എങ്കിലും നിലവിൽ 240 സ്റ്റോറുകളിലായി അമ്പതിനായിരം പേർ ജോലി ചെയ്യുന്നതിനാൽ, ഇനി വരാൻ പോകുന്ന നൂറ് സ്റ്റോറുകളിൽ നിന്നായി ആയിരക്കണക്കിന് പേർക്ക് തൊഴിൽ ലഭിക്കുമെന്നതിന് സംശയമില്ല. രൂപാവാല വ്യക്തമാക്കി.