പാലക്കാട്: ജില്ലയിൽ കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ പോലീസ് റെയ്ഡ് നടത്തിയ സംഭവത്തിൽ പ്രതികരിച്ച് മുൻ മാദ്ധ്യമപ്രവർത്തകനും സിപിഎം നേതാവുമായ എംവി നികേഷ് കുമാർ.പരിശോധിക്കാൻ എത്തിയപ്പോൾ ഞാൻ മുറി തുറന്നുകൊടുത്തു.
പരിശോധിച്ചിട്ട് അവർ പോയി. ടെൻഷൻ അടിക്കേണ്ട ആവശ്യം എന്തിനാണ് എന്നാണ് അദ്ദേഹം ചോദിച്ചത്. ഈ വിഷയത്തെ അത്ര ഗൗരവമായി ഞാൻ കണ്ടില്ല. വണ്ടിയിലൊക്കെ പോകുമ്പോൾ പോലീസ് പരിശോധിക്കുമല്ലോ. അതിനകത്ത് തടയേണ്ട കാര്യമെന്താണ്? പിന്നീട് ടെലിവിഷനിൽ കണ്ടപ്പോഴാണ് അതിന്റെ രാഷ്ട്രീയം മാറുന്നത് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്റെ മുറിയിൽ വന്നുനോക്കിയിരുന്നു. രാത്രി പന്ത്രണ്ടുമണിയോടെയാണ് വന്നത്. ഞാൻ റൂം തുറന്നുകൊടുത്തു, അവർ പരിശോധിച്ചിട്ട് പോയി. ഇലക്ഷനുമായി ബന്ധപ്പെട്ടുളള പരിശോധനയാണെന്നാണ് പറഞ്ഞതെന്ന് കൂട്ടിച്ചേർത്ത നികേഷ്, ആരുടെ ഇൻഫർമേഷന്റെ അടിസ്ഥാനത്തിലാണ് പരിശോധന, ആർക്കെതിരെയാണ് പരിശോധന എന്നൊന്നും നമുക്ക് അറിയില്ലല്ലോ.പോലീസ് ഉദ്യോഗസ്ഥർ പരിശോധിക്കാൻ വരുമ്പോൾ മുറി തുറന്നുകൊടുക്കുന്നു.
അവർ പരിശോധിക്കുന്നു. പോകുന്നു. നമ്മൾ എന്തിനാണ് അതിനകത്ത് ടെൻഷൻ ആകുന്നത്. നമ്മളെന്തിനാണ് ആളെ കൂട്ടുന്നത്. എന്തിനാണ് അതിനകത്ത് സംഘർഷം ഉണ്ടാക്കുന്നത്. അതെനിക്ക് മനസിലാകുന്നില്ലെന്ന് വ്യക്തമാക്കി. പരിശോധന നമുക്കെതിരെയാണെന്ന് ചിലയാളുകൾക്ക് തോന്നുന്നത് എന്ത് കൊണ്ടാണ്? എനിക്ക് തോന്നിയില്ലല്ലോ എന്ന്ും നികേഷ് കുമാർ ചോദിക്കുന്നു.
ഇന്നലെ രാത്രി വൈകിയാണ് രാഷ്ട്രീയനേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ നാടകീയ രംഗങ്ങളും സംഘർഷവും അരങ്ങേറിയത്. ട്രോളി ബാഗിൽ പണമെത്തിച്ചുവെന്നാണ് സിപിഎമ്മിന്റെ ആരോപണം. പുലർച്ചെ വരെ പരിശോധിച്ചെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല.