കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം തുടരുന്നതിനിടെ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന് പിന്തുണയുമായി ഐ.എ.എസ്. അസോസിയേഷന്‍. നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറെ ക്രൂശിക്കരുത്. അന്വേഷണത്തിന് ആവശ്യമായ സഹായം കളക്ടര്‍ നല്‍കുന്നുണ്ടെന്നും ഐ.എ.എസ്. അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. നവീന്‍ ബേബുവിന്റെ മരണം ദുഃഖകരമാണെന്നും വിഷയത്തില്‍ കണ്ണൂര്‍ കളക്ടറെ ക്രൂശിക്കരുതെന്നും ഐഎഎസ് അസോസിയേഷന്‍ പറയുന്നു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടര്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഐ.എ.എസ്. അസോസിയേഷന്റെ പിന്തുണ എന്നതും ശ്രദ്ധേയമാണ്. സംഭവമുണ്ടായതു മുതല്‍ കളക്ടര്‍ക്കെതിരേ വന്‍തോതില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പിപി ദിവ്യ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തുമ്പോള്‍ എന്തുകൊണ്ട് കളക്ടര്‍ ഇടപെട്ടില്ല, നവീന്‍ ബാബുവിനെ എന്തുകൊണ്ട് കളക്ടര്‍ ആശ്വസിപ്പിച്ചില്ല എന്നതടക്കം ചൂണ്ടിക്കാട്ടി നവീന്‍ ബാബുവിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഐഎഎസ് അസോസിയേഷന്‍ കണ്ണൂര്‍ കളക്ടറെ പിന്തുണച്ച് രംഗത്ത് വന്നത്.
കേസില്‍ അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന് ആവശ്യമായ സഹായം കളക്ടര്‍ നല്‍കുന്നുണ്ട്. അരുണിനെതിരായ വ്യക്തിപരമായ ആക്രമണങ്ങള്‍ ഒഴിവാക്കണം. മുന്‍വിധികളോടെയുള്ള സമീപനം പാടില്ലെന്നും ഐഎഎസ് അസോസിയേഷന്‍ പറയുന്നു. എഡിഎമ്മിന്റെ മരണത്തില്‍ കുടുംബം കളക്ടര്‍ക്കെതിരെ രംഗത്തുവരുമ്പോഴാണ് കളക്ടറെ പിന്തുണച്ചു കൊണ്ടുള്ള ഐഎഎസ് അസോസിയേഷന്റെ നിലപാട് എന്നതാണ് ശ്രദ്ധേയമാവുന്നത്.
അതേസമയം, എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളിച്ചെന്നാണ് മരിച്ച നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ വാദം. ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുള്ള വാദത്തിലാണ് കുടുംബത്തിന്റെ അഭിഭാഷകന്‍ ഇക്കാര്യം ഉന്നയിച്ചത്. എന്നാല്‍ പ്രൊസിക്യൂഷന്‍ ഇതിനെ ശക്തമായി എതിര്‍ത്ത് കോടതിയില്‍ നിലപാടെടുത്തു. പൊലീസ് ദിവ്യക്ക് വേണ്ടി ഒരു ഒളിച്ചുകളിയും നടത്തിയില്ലെന്ന് പ്രോസിക്യൂഷന്‍ നിലപാടെടുത്തു. എഡിഎമ്മിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്ന വാദത്തെയും പ്രോസിക്യൂഷന്‍ എതിര്‍ത്തു.
രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ലെന്നായിരുന്നു പ്രധാന വാദം. ആത്മഹത്യയിലേക്ക് നയിക്കണം എന്ന ഉദ്ദേശം ദിവ്യക്കുണ്ടായിരുന്നില്ലെന്ന വാദം തെറ്റാണ്. എഡിഎം കുറ്റസമ്മതം നടത്തിയെന്ന ആരോപണം കളക്ടര്‍ നിഷേധിച്ചതിന് കാരണം കളക്ടര്‍ സൗഹൃദത്തോടെ പെരുമാറുന്ന ആളല്ലെന്നായിരുന്നു. ലീവ് നല്‍കാറില്ല. അത്തരത്തില്‍ അടുപ്പം ഇല്ലാത്ത കളക്ടറോട് കുറ്റസമ്മതം നടത്തിയെന്ന ആരോപണം തെറ്റാണ്. ആരെങ്കിലും മാനസിക ഐക്യം ഇല്ലാത്ത ആളോട് കുറ്റസമ്മതം നടത്തുമോ റവന്യു അന്വേഷണത്തില്‍ കളക്ടര്‍ നേരിട്ട് മൊഴി നല്‍കിയില്ല. നിയമോപദേശം തേടിയ ശേഷം എഴുതി തയ്യാറാക്കിയ മൊഴിയാണ് നല്‍കിയത്.
സര്‍ക്കാര്‍ ജീവനക്കാരന്‍ പെട്രോള്‍ പമ്പ് തുടങ്ങണം എന്ന് പറഞ്ഞു വരുമ്പോള്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ തടയേണ്ടതല്ലേ പ്രശാന്തനെതിരെ കേസ് എടുക്കേണ്ടതാണ്. ദിവ്യയുടെ ഭര്‍ത്താവിനൊപ്പം ജോലിചെയ്യുന്ന ആളാണ് പ്രശാന്തന്‍. എന്നാല്‍ ഇതുവരെ ഇയാള്‍ക്കെതിരെ കേസെടുത്തില്ല. 14ാം തിയ്യതി വരെ അഴിമതി നടത്തിയെന്നോ, പണം വാങ്ങി എന്നോ ദിവ്യ ആരോപണം ഉണ്ടായിരുന്നില്ല. അനുമതി വൈകിപ്പിച്ചു എന്നാണ് പറഞ്ഞിരുന്നത്. എഡിഎമ്മിന്റെ ഭാര്യയുടെ മൊഴി ഇത് വരെ രേഖപ്പെടുത്തിയില്ല. ദിവ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചു കളിച്ചു നടന്നു. കീഴടങ്ങിയത് നന്നായി. അല്ലെങ്കില്‍ ഒളിച്ചു കളി തുടര്‍ന്നേനെ. കളക്ടറുടെ മൊഴി ദിവ്യയുമായി ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. കളക്ടറുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും കുടുംബത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.
പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി വിധിയില്‍ ജില്ലാ കളക്ടറുടെ മൊഴിയുടെ ഒരു ഭാഗം പുറത്തുവന്നിരുന്നു. ദിവ്യയുടെ വിവാദ പ്രസംഗത്തിന് ശേഷം നവീന്‍ ബാബുവിനെ താന്‍ ചേംബറിലേക്ക് വിളിച്ചെന്നും അഞ്ചു മിനിറ്റോളം സംസാരിച്ചുവെന്നുമായിരുന്നു മൊഴി. ഇതില്‍ തനിക്ക് തെറ്റുപറ്റി എന്ന് നവീന്‍ ബാബു സമ്മതിച്ചെന്നും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ ഇതേസംബന്ധിച്ച് കളക്ടറോട് ചോദിച്ചപ്പോള്‍ താന്‍ പോലീസിന് നല്‍കിയ മൊഴിയുടെ ഒരു ഭാഗംമാത്രമായിരുന്നുവെന്നും മൊഴി പൂര്‍ണ്ണമായും മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.