ന്യൂഡൽഹി: കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ബോധപൂർവമായ ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്താനുള്ള ജസ്റ്റിൻ ട്രൂഡോ ഭരണകൂടത്തിൻ്റെ ഭീരുത്വ ശ്രമങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സമൂഹ മാദ്ധ്യമമായ എക്സിൽ കൂടെ പങ്കു വച്ച പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യ കാനഡ ബന്ധം വഷളായതിനു ശേഷം ആദ്യമായിട്ടാണ്, ഇത്ര ശക്തമായ ഒരു പ്രതികരണം നരേന്ദ്ര മോദി നടത്തുന്നത്.
“കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആസൂത്രിത ആക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. നമ്മുടെ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്താനുള്ള ഭീരുത്വം നിറഞ്ഞ ശ്രമങ്ങളും അത്രതന്നെ ഭയാനകമാണ്. ഇത്തരം അക്രമങ്ങൾ ഒരിക്കലും ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്തുകയില്ല. കനേഡിയൻ സർക്കാർ നീതി ഉറപ്പാക്കുകയും നിയമവാഴ്ച ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതി ചെയ്യുന്ന ലക്ഷ്മി നാരായണ്‍ ക്ഷേത്രമാണ് ശനിയാഴ്ച അര്‍ധരാത്രി ആക്രമിക്കപ്പെട്ടത്. ഭക്തര്‍ക്കു നേരെയും ആക്രമണമുണ്ടായി. ജൂണ്‍ 18-ലെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണം എന്ന ആവശ്യം ഉന്നയിച്ച പോസ്റ്റര്‍ അക്രമികള്‍ ക്ഷേത്രത്തിന്റെ പ്രധാനവാതിലില്‍ ഒട്ടിക്കുകയും ചെയ്തു.
കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ ചിത്രവും പോസ്റ്ററില്‍ കാണാം. ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ക്ഷേത്രമാണ് ലക്ഷ്മി നാരായണ്‍ മന്ദിര്‍. കാനഡയില്‍ ഇക്കൊല്ലം ആക്രമിക്കപ്പെടുന്ന മൂന്നാമത്തെ ക്ഷേത്രമാണിത്.
ക്ഷേത്രം ആക്രമിക്കപ്പെടുന്നതിന്റേത് എന്ന് കരുതുന്ന ദൃശ്യങ്ങളും വ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരുസംഘം യുവാക്കള്‍ വടികളുമായി ഭക്തര്‍ക്കു നേരെ ഓടിയടുക്കുന്നതും ആക്രമിക്കുന്നതും കാണാം.
സംഭവത്തെ അപലപിച്ച് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ രംഗത്തെത്തി. ആക്രമണം പ്രോത്സാഹിപ്പിക്കില്ലെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.