ന്യൂഡല്‍ഹി: ഹിന്ദുക്കളായ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ പരിശോധന നടത്തുമെന്ന് വ്യവസായമന്ത്രി പി. രാജീവ്. വിഷയം ഗൗരവമുള്ളതാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനങ്ങള്‍ വരുന്നത് ഗൗരവമുള്ള കാര്യമാണ്. അത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധന നടത്തും. പൊതുഭരണവുമായി ബന്ധപ്പെട്ട് പൊതുവായ പെരുമാറ്റച്ചട്ടമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തും. അതിനുശേഷം വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായവകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഡ്മിനായി ‘മല്ലു ഹിന്ദു ഓഫീസേഴ്സ്’, ‘മല്ലു മുസ്ലിം ഓഫീസേഴ്സ്’ എന്നീ പേരുകളിലാണ് ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇവ താനുണ്ടാക്കിയതല്ലെന്നും തന്റെ ഫോണ്‍ ഹാക്ക് ചെയ്ത് മറ്റാരോ സൃഷ്ടിച്ചതാണെന്നും അദ്ദേഹം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പില്‍ തങ്ങളെ ഉള്‍പ്പെടുത്തിയതുകണ്ട് ചില ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ഗോപാലകൃഷ്ണനുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. രണ്ടുമണിക്കൂറിനുള്ളില്‍ത്തന്നെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യപ്പെട്ടു. തന്റെ ഫോണിന്റെ നിയന്ത്രണം മറ്റാരോ ഏറ്റെടുത്തെന്നും എല്ലാ നമ്പറുകളെയും ഉള്‍പ്പെടുത്തി 11 ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം നല്‍കിയിരുന്നു.
അതേസമയം, മല്ലു മുസ്ലിം ഓഫീസേഴ്സ് എന്ന പേരില്‍ മറ്റൊരു ഗ്രൂപ്പും തന്റെപേരില്‍ വന്നതായി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഗ്രൂപ്പുകള്‍ താന്‍ ഉണ്ടാക്കിയതല്ലെന്നും അന്വേഷിക്കാന്‍ സിറ്റി പോലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടെന്നും കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.