ബെംഗളൂരു: വഖഫ് ഭൂമി വിഷയത്തിൽ കർഷകർക്ക് അയച്ച നോട്ടീസുകൾ അടിയന്തരമായി പിൻവലിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ റവന്യൂവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിവിധ ജില്ലകളിലെ ഭൂരേഖകളിൽ കൃഷിഭൂമി വഖഫ് ബോർഡിന്റേതായി തരംതിരിക്കുന്നതിനെതിരെ പ്രതിപക്ഷമായ ബിജെപിയും കർഷകരും നവംബർ 4 ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നിശ്ചയിച്ചിരിക്കെയാണ് നോട്ടീസ് ഉടൻ പിൻവലിക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചത്.
കർഷകരുടെ ഭൂമി വഖഫ് ബോർഡിന് കൈമാറിയെന്ന ആരോപണത്തിൽ ന്യൂനപക്ഷ ക്ഷേമ-വഖഫ് മന്ത്രി ബി.സെഡ്. സമീർ അഹമ്മദ് ഖാൻ്റെ രാജി ആവശ്യപ്പെട്ട് നവംബർ 4 മുതൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാരുങ്ങുകയായിരിന്നു ബി ജെ പി. ഇതോടെ കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ടാണ് അടിയന്തിര നടപടിയുമായി സിദ്ധരാമയ്യ രംഗത്ത് വന്നത്.
ഭൂരേഖകളിൽ വഖഫ് ബോർഡ് സ്വത്താണെന്ന് കാണിച്ച് കർഷകർക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ജില്ലകളിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകി വരുകയായിരിന്നു.
കേരളത്തിലെ മുനമ്പം വിഷയത്തിന് സമാനമായി പതിറ്റാണ്ടുകളായി കർഷകർ കൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുകയായിരുന്നു. ഇത് കൂടാതെ വിജയപുര, ധാർവാഡ്, ഹാവേരി, ചിത്രദുർഗ, ദാവൻഗെരെ, ശിവമോഗ, ഗഡഗ് തുടങ്ങിയ ജില്ലകളിലെ കർഷകർക്ക് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നോട്ടീസും നൽകിയിരുന്നു.