ടെല്‍ അവീവ്: വടക്കന്‍ ഇസ്രയേലില്‍ ഹിസ്ബുള്ള നടത്തിയ വ്യോമാക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടതായി ഐഡിഎഫ്. ഇരുപക്ഷവും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഹിസ്ബുള്ളയുടെ ഭാഗത്തു നിന്നുള്ള ഏറ്റവും വലിയ വ്യോമാക്രമണമാണെന്ന് ഇസ്രയേല്‍ പ്രതിരോധ സേനയുടെ വാദം.
ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏഴുപേരില്‍ നാലു പേര്‍ വിദേശികളാണ്. അതേസമയം ഹിസ്ബുള്ളയെ ലക്ഷ്യംവെച്ച് ഇസ്രയേല്‍ ലെബനനില്‍ വ്യാഴാഴ്ച അർദ്ധരാത്രി നടത്തിയ വ്യോമാക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലിലെ വടക്കേ അറ്റത്തുള്ള നഗരമായ മെറ്റൂലയിലെ കൃഷി ഭൂമിയിലേക്കാണ് ലെബനനില്‍ നിന്നുള്ള റോക്കറ്റുകള്‍ പതിച്ചത്. ആക്രമണത്തില്‍ നാല് തായ് തൊഴിലാളികളും ഒരു ഇസ്രയേല്‍ കര്‍ഷകനും കൊല്ലപ്പെട്ടു. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കു ശേഷം ഇസ്രയേലി തീര നഗരമായ ഹൈഫയിലേക്കും ലെബനനില്‍ നിന്ന് 25 റോക്കറ്റുകളോളം പതിച്ചതായി ഇസ്രയേല്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തു. ഈ അക്രമണത്തില്‍ 30 വയസ്സുകാരനും 60 വയസ്സുകാരിയും കൊല്ലട്ടതായുംറിപ്പോര്‍ട്ടുകളുണ്ട്.
യുദ്ധഭൂമിയായ വടക്കന്‍ ഗാസയില്‍ പ്രവര്‍ത്തിച്ചിരുന്ന അവസാന ആരോഗ്യ കേന്ദ്രമായിരുന്ന കമല്‍ അദ്വാന്‍ ആശുപത്രിയും വ്യാഴാഴ്ച്ച നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു. ലോകാരോഗ്യ സംഘടന വിതരണം ചെയ്തിരുന്ന അത്യാവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പടെ സൂക്ഷിച്ചിരുന്ന ആശുപത്രിയാണ് ഇസ്രയേല്‍ തകര്‍ത്തത്.
വ്യാഴാഴ്ച 90-ഓളം റോക്കറ്റുകളുടെ ആക്രമണം ലെബനനില്‍ നിന്ന് ഇസ്രയേലിനു നേരെ നടന്നതായായി ഇസ്രയേലും അവകാശപ്പെടുന്നുണ്ട്. ലെബനനില്‍ 24 മണിക്കൂറിനിടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെടുകയും 110-ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്രയേലിനെതിരായ തിരിച്ചടിക്ക് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി സൈനിക നേതൃത്വത്തോട് ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ഇറാന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പ്രതികാരമായിട്ടാണ് ഖമേനിയുടെ ആഹ്വാനം. പ്രതികരണം കഠിനവും സങ്കല്‍പ്പിക്കാന്‍ സാധിക്കാത്തതുമായിരിക്കുമെന്ന് ഉന്നത ഇറാനി സൈനിക നേതൃത്വത്തെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലിന് നേരെയുള്ള ഇറാന്റെ ആക്രമണം യുഎസ് തിരഞ്ഞെടുപ്പിന് ശേഷമായിരിക്കാമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നത്.
ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിനു നേരേ ഇറാന്‍ നടത്തിയ വന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ഒക്ടോബര്‍ 26-ന് ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടന്നത്.
ഇറാന്റെ പുതിയ ഭീഷണിക്ക് പിന്നാലെ ഉയര്‍ന്ന തലത്തിലുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. അടുത്തിടെ തങ്ങള്‍ നടത്തിയ ആക്രണം ഇറാന്റെ മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങളിലും വ്യോമ പ്രതിരോധ സംവിധാനങ്ങളിലും കനത്ത ആഘാതമേല്‍പ്പിച്ചിട്ടുണ്ടെന്നും ഇസ്രേയല്‍ സൈന്യം അറിയിച്ചു.
ഇറാന്‍ വീണ്ടും അക്രമിക്കാന്‍ തുനിഞ്ഞാല്‍ തങ്ങള്‍ ഇതുവരെ ഉപയോഗിക്കാത്ത സംവിധാനങ്ങളുമായി ഇറാനിലെത്തും. ആദ്യഘട്ടത്തില്‍ ഞങ്ങള്‍ ഒഴിവാക്കിയ സ്ഥലങ്ങളെ അത് കഠിനമായ രീതിയില്‍ തന്നെ ബാധിക്കുമെന്നും ഇസ്രയേല്‍ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി പറഞ്ഞു.