കണ്ണൂർ∙ വിവാദ പെട്രോൾ പമ്പ് അപേക്ഷൻ ടി.വി.പ്രശാന്തിന് സസ്‌പെൻഷൻ. പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരനായ പ്രശാന്തിനെതിരെ ആരോഗ്യ വകുപ്പമാണ് നടപടിയെടുത്തത്. ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ടലംഘനവും നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സർക്കാർ സർവീസിലിരിക്കെ പെട്രോൾ പമ്പിന് അപേക്ഷിച്ചതും, കൈക്കൂലി നൽകിയെന്നു പറഞ്ഞതും സർവീസ് ചട്ടലംഘനമെന്ന് സസ്‌പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. കൈക്കൂലി നൽകുന്നതും വാങ്ങുന്നതും ഗുരുതരമായ ചട്ടലംഘനമാണ്. കടുത്ത അച്ചടക്ക നടപടിക്ക് മുന്നോടിയായാണ് സസ്പെൻഷൻ.
കൂടുതൽ അന്വേഷണത്തിനും അച്ചടക്ക നടപടി ആരംഭിക്കുന്നതിനുമായി സേവനത്തിൽ നിന്ന് ഉടൻ സസ്‌പെൻഡ് ചെയ്യുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. ഇയാൾ പത്തുദിവസത്തെ കൂടി അവധിക്ക് അപേക്ഷിച്ചിരുന്നു. ഇതിനിടയിലാണ് സസ്‌പെൻഷൻ ഉത്തരവ് വന്നിരിക്കുന്നത്.
പെട്രോൾ പമ്പ് തുടങ്ങാൻ അനുമതി വേണമെന്ന കാര്യം അറിയില്ലെന്ന പ്രശാന്തിൻറെ വാദം തള്ളിയാണ് ആരോഗ്യവകുപ്പിൻറെ അന്വേഷണ റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ടിക്കൽ ഹെല്പറാണ് പ്രശാന്ത്. സർക്കാർ സർവ്വീസിലേക്ക് റഗുലൈറസ് ചെയ്യാനുള്ള ജീവനക്കാരുടെ പട്ടികയിലാണ് പ്രശാന്ത്. പക്ഷെ ശമ്പളം സർക്കാറിൽ നിന്നായത് കൊണ്ട് ജീവനക്കാരുടെ സർവ്വീസ് ചട്ടങ്ങൾ പ്രശാന്തിനും ബാധകമാണെന്നാണ് കണ്ടെത്തൽ.
പ്രശാന്ത് മെഡിക്കൽ കോളേജ് അധികാരികളിൽ നിന്ന് ഒരു അനുമതിയും വാങ്ങിയിരുന്നില്ലെന്ന് മാത്രമല്ല പമ്പിൻറെ കാര്യം അറിയിച്ചിരുന്നുമില്ല. പ്രശാന്തിന് എങ്ങിനെ പെട്രോൾ പമ്പ് തുടങ്ങാനാകും, പണം എവിടെ നിന്നാണ് എന്നുള്ള സംശയങ്ങൾ എഡിഎമ്മിൻറെ മരണം മുതൽ ഉയർന്നതാണ്. സസ്‌പെഷൻ പ്രാഥമിക നടപടി മാത്രമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രെട്ടറി വിശദ അന്വേഷണം നടത്തുന്നുണ്ട്. ഇതിന് മേലെ തുടർ നടപടിയെടുക്കും. പിരിച്ചു വിടാതിരിക്കാൻ കാരണം കാണിക്കാൻ ആവശ്യപ്പെട്ട് പ്രാശാന്തിന് മെമോ നൽകും. നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.