ഭുവനേശ്വർ: ദാന ചുഴലിക്കാറ്റിന്റെ തുടർന്ന് ഒഡീഷയിലും പശ്ചിമ ബംഗാളിലും അതിശക്തമായ മഴ. ഇന്നലെ രാത്രിയോടെ ആരംഭിച്ച മഴ ഇപ്പോഴും ഇടമുറിയാതെ തുടരുകയാണെന്നാണ് വിവരം. വെള്ളപ്പൊക്കത്തിനുള്ള സാദ്ധ്യത പരിഗണിച്ച് പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയാണ്.
ഇന്ന് രാത്രിയോടെ ദാന ചുഴലിക്കാറ്റ് കരതൊടാനാണ് സാദ്ധ്യത. നിലവിൽ ഒഡീഷയിലെ പരദിപിൽ നിന്നും 210 കിലോ മീറ്റർ തെക്ക് മാറിയും ധാംമ്രയിൽ നിന്നും 240 കിലോ മീറ്റർ തെക്ക് കിഴക്ക് മാറിയും, ബംഗാളിലെ സാഗർ ഐലൻഡിൽ നിന്നും 310 കിലോ മീറ്റർ തെക്ക് മാറിയും ആണ് കാറ്റിന്റെ സ്ഥാനം.
കാറ്റ് കരയോട് അടുക്കുന്തോറും മഴയുടെ ശക്തി വർദ്ധിക്കും. മണിക്കൂറിൽ 120 കിലോ മീറ്റർ വേഗതയിൽ ആയിരിക്കും കാറ്റ് കരയിലേക്ക് പ്രവേശിക്കുക. ഇതിന്റെ പശ്ചാത്തലത്തിൽ തീരമേഖലകളിൽ ഉള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. നാളെ രാവില വരെ ഇരു സംസ്ഥാനങ്ങളിലും അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങളോട് ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്. ഇതുവരെ ഒഡീഷയിൽ നിന്നും മൂന്ന് ലക്ഷം പേരെയും, ബംഗാളിൽ നിന്നും 1.14 ലക്ഷം പേരെയുമാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.
കൊൽക്കത്ത നഗരത്തിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇതേ തുടർന്ന് കൊൽക്കത്ത വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചു. 200 ഓളം ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.