തൃശൂർ: തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന തുടരുന്നു. കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം ഇതുവരെ പിടിച്ചെടുത്തെന്നും പരിശോധന തുടരുമെന്നും സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ദിനേശ് കുമാർ അറിയിച്ചു. 5 കൊല്ലത്ത നികുതി വെട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്.
തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 700 ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. കണക്കിൽ പെടാത്ത സ്വർണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി വകുപ്പ് അറിയിച്ചു.
സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് സ്പെഷ്യൽ കമ്മീഷണർ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. മൊത്ത വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ജിഎസ്ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്. ഓപ്പറേഷൻ ടോറേ ഡെൽ ഓറോ എന്നാണ് പരിശോധനയുടെ പേര്.