കോട്ടയം: കണ്ണൂര്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം.) കെ. നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. എ.ഡി.എമ്മിന്റെ ആത്മഹത്യ അങ്ങേയറ്റം ദുഃഖകരവും നിര്‍ഭാഗ്യകരവുമാണെന്ന് പറഞ്ഞ അവര്‍ ഈ വിഷയത്തില്‍ പാര്‍ട്ടി നിലപാട് തന്നെയാണ് തനിക്കെന്നും വ്യക്തമാക്കി.
ഇക്കാര്യത്തിലെ പാര്‍ട്ടി നിലപാട് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. അത് തന്നെയാണ് തന്റെ നിലപാടും. ഒരു യാത്രയയപ്പ് യോഗത്തില്‍ പോയി ഇങ്ങനെയൊക്കെ പറയണമായിരുന്നോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നു തന്നെയാണ് ഉത്തരം. ക്ഷണിക്കപ്പെടാത്ത വേദിയില്‍ പി.പി ദിവ്യ പോകേണ്ടിയിരുന്നില്ല.
ആ സന്ദര്‍ഭത്തില്‍ അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ വേണ്ടിയിരുന്നില്ലെന്നും ശ്രീമതി പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അവര്‍. അതേസമയം വിവാദങ്ങള്‍ക്ക് കാരണമായ പെട്രോള്‍ പമ്പ് ദിവ്യയുടെ ഭര്‍ത്താവിന്റേതാണ് എന്നുള്ളത് ഉറപ്പില്ലാത്ത ആരോപണമാണെന്നും ശ്രീമതി പറഞ്ഞു.
കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബുവിന്റെ മരണത്തോടെ പ്രതിരോധത്തിലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയും സിപിഎം നേതൃത്വവും. വിഷയത്തില്‍ ദിവ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച പങ്കെടുക്കാന്‍ നിശ്ചയിച്ച പൊതു പരിപാടികളിലും അവര്‍ എത്തിയിരുന്നില്ല.
തിങ്കളാഴ്ച കണ്ണൂര്‍ കളക്ടേററ്റില്‍ ചേര്‍ന്ന യോഗത്തില്‍ ക്ഷണമില്ലാതിരുന്നിട്ടും പങ്കെടുക്കാനെത്തിയ പി.പി. ദിവ്യ, നവീന്‍ ബാബുവിനെതിരേ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. പെട്രോള്‍പമ്പിന് എതിര്‍പ്പില്ലാ രേഖ നല്‍കുന്നതില്‍ നവീന്‍ബാബു വഴിവിട്ട നീക്കം നടത്തിയെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ചൊവ്വാഴ്ച അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു..