മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ബാബ സിദ്ദിഖി കൊലക്കേസിലെ പ്രതികൾ തോക്കുപയോഗിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കിയെന്ന് കണ്ടെത്തൽ. ബാബാ സിദ്ദിഖിക്ക് നേരെ വെടിയുതിർക്കാൻ ഗുർമെയിൻ സിംഗും ധരംരാജ് കശ്യപും പരീശീലനം നേടിയത് യൂട്യൂബ് വീഡിയോ കണ്ടാണെന്ന് മുംബൈ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ പരിശീലനം നടത്തിയ സ്ഥലങ്ങൾ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.
ബാബ സിദ്ദിഖിക്ക് നേരെ ആറ് തവണയാണ് പ്രതികൾ വെടിയുതിർത്തത്. കേസുമായ ബന്ധപ്പെട്ട് 15ഓം പേരുടെ മൊഴിയെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുപി സ്വദേശിയായ ഹരീഷ്‌കുമാർ ബാലക്രം നിസാദ് ആണ് പിടിയിലായത്. ഇയാളാണ് കൊലയാളികൾക്ക് ആയുധവും പണവും എത്തിച്ചു നൽകിയതെന്നാണ് കണ്ടെത്തൽ. കേസിൽ ഇതുവരെ നാല് പേരാണ് അറസ്റ്റിലായത്. മൂന്ന് പേർ ഇപ്പോഴും ഒളിവിലാണ്. ഒളിവിൽ പോയവരെ കണ്ടെത്താനാായി പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം പുരോഗമിക്കുകയാണ്.
അന്വേഷണത്തിൽ 7.62 എംഎം തോക്ക് അടങ്ങിയ ഒരു കറുത്ത ബാഗ് കണ്ടെടുത്തിരുന്നു. കൊലപാതകം നടത്തുന്നതിന് 25 ദിവസം മുമ്പ് വെടിവെപ്പുകാർ ബാബ സിദ്ദിഖിന്റെ വസതിയിലും ഓഫീസിലും പരിശോധന നടത്തിയിരുന്നു. മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് കൊലപാതകത്തിന്റെ മുഴുവൻ ആസൂത്രണവും നടന്നിരിക്കുന്നത് പൂനെയിൽ വച്ചാണ്. ലോറൻസ് ബിഷ്‌ണോയി സംഘവുമായി തങ്ങൾക്ക് ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ബാന്ദ്ര ഈസ്റ്റിലെ നിർമൽ നഗറിലെ ബാബ സിദ്ദിഖിയുടെ മകന്റെ ഓഫീസിന് സമീപത്ത് വച്ചാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. മുഖം മറച്ചെത്തിയ മൂന്ന് പേർ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിന് വെടിയേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.