ന്യൂഡൽഹി:ഹിസ്ബുള്ളയെ നടുക്കിയ ലബനനിലെ പേജർ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണം മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലേക്കും. നോർവേയില്‍ പൗരത്വമുള്ള മലയാളി റിൻസൺ ജോണിന്റെ കമ്പനിയെക്കുറിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വിവിധഘട്ടങ്ങളിലൂടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് റിൻസൺ ജോണിന്റെ കമ്പനിയും സംശയത്തിന്റെ നിഴലില്‍ വന്നിരിക്കുന്നത്.
പേജറിലേക്ക് എവിടെ നിന്നാണ് സ്ഫോടക വസ്തുക്കള്‍ നിറച്ചത് എന്നത് അടക്കമുള്ള കാര്യങ്ങളാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. പേജറുകള്‍ വാങ്ങാനുള്ള സാമ്പത്തിക ഇടപാടില്‍ റിന്‍സണ്‍ന്റെ കമ്പനി ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് സംശയം. റിന്‍സണ്‍ന്റെ കമ്പനിയുമായി ബന്ധപ്പെട്ട് നടക്കുന്നത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം മാത്രമാണെന്നും സ്ഫോടനവുമായി ഇദ്ദേഹത്തിന് നേരിട്ട് ബന്ധമുള്ളതാണ് ഇതുവരെ തെളിവൊന്നും ഇല്ലെന്നും അന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
തായ്വാന്‍ കമ്പനിയുടെ പേരിലുള്ള പേജറുകളാണ് ഹിസ്ബുള്ള ഉപയോഗിച്ചിരുന്നത്. ഇതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പൊട്ടിത്തെറിച്ചത്. അന്വേഷണം തായ്വാന്‍ കമ്പനിയിലേക്ക് എത്തിയപ്പോള്‍ തങ്ങള്‍ പേജറുകള്‍ നിർമ്മിച്ചിട്ടില്ലെന്നാണ് ഇവർ വ്യക്തമാക്കിയത്. എന്നാല്‍ കമ്പനി ലോഗോ ഉപയോഗിക്കാനുളള അവകാശം ഒരു ഹംഗേറിയൻ കമ്പനിക്ക് നൽകിയെന്ന് വെളിപ്പെടുത്തി.
ഹംഗേറിയന്‍ കമ്പനിയിലേക്ക് അന്വേഷണം എത്തിയപ്പോള്‍ അവരും പേജറുകള്‍ നിർമ്മിച്ചിട്ടില്ല. നോർവീജിയൻ കമ്പനിക്ക് ഉപകരാർ നൽകുകയാണ് അവർ ചെയ്ത്. ഈ അന്വേഷണം ഈ തരത്തില്‍ തുടർന്നാണ് റിൻസൺ ജോണിന്റെ ബള്‍ഗേറിയന്‍ കമ്പനിയിലേക്ക് എത്തുന്നത്. ബൾഗേറിയയില്‍ രജിസ്റ്റർ ചെയ്ത രാജ്യ തലസ്ഥാനമായ സോഫിയയിലാണ് കമ്പനി പ്രവർത്തിക്കുന്നത്.
റിൻസൺ ജോണിന്റെ ഈ കമ്പനിയാണ് പേജറുകള്‍ നിർമ്മിക്കാനുള്ള പണം ഹംഗറിയില്‍ തന്നേയുള്ള മറ്റൊരു കമ്പനിയിലേക്ക് നല്‍കിയത്. സംഭവത്തില്‍ എന്ത് തന്നെയായാലും മലയാളിയുടെ കമ്പനിക്കെതിരെ വിശദമായ അന്വേഷണമാണ് നടന്നുകൊണ്ടിരുന്നത്.
രണ്ട് തവണയായി നടന്ന സ്ഫോടന പരമ്പരയില്‍ ഏകദേശം 32 പേരാണ്. ആകെ നാലായിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. ആയിരക്കണക്കിന് പേജര്‍ ഉപകരണങ്ങള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് പോലും പലർക്കും മനസ്സിലായില്ല.
വിദേശ കമ്പനിയില്‍ നിന്നും ഹിസ്ബുള്ള വാങ്ങിയ 3000 പേജറുകള്‍ അവരിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ ഇസ്രായേലിന്റെ മൊസാദ് കൈവശപ്പെടുത്തി സ്ഫോടക വസ്തു വെച്ചെന്നാണ് വിവരം. ഹിസ്ബുള്ള പ്രവർത്തകരുടെ കൈവശം എത്തിയ ഈ പേജറുകള്‍ കഴിഞ്ഞ ദിവസം വിദൂര നിയന്ത്രിത സംവിധാനത്തിലൂടെ പൊട്ടിത്തെറിപ്പിക്കുകയുമായിരുന്നു.