കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തില്‍ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സമരത്തിന്റെ ഭാഗമായി പണിമുടക്കിലേര്‍പ്പെട്ട ഡോക്ടര്‍മാരോട് വിരോധമില്ലെന്നും മമത പറഞ്ഞു. 'പോലീസ് വിഷയം അന്വേഷിച്ച് വരികയാണ്. വിദ്യാര്‍ഥികള്‍ക്കെതിരെയോ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെയോ എനിക്ക് പരാതിയില്ല. എന്നാല്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നു. സംഭവത്തിന്റെ വീഡിയോ കണ്ടാല്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും' മമത മാധ്യമങ്ങളോട് പറഞ്ഞു.
പോലീസിനെ അക്രമിച്ച രീതി കണ്ടാല്‍ അത് ബിജെപിയും ഇടത് പാര്‍ട്ടികളുമാണെന്ന് മനസ്സിലാകും. തന്റെ ചുമതലയുള്ള ഒരു ഉദ്യോഗസ്ഥനെ ഒരു മണിക്കൂറോളം കാണാതായി. പിന്നീട് പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് ബലപ്രയോഗം നടത്തിയില്ല. തങ്ങള്‍ ഒരുപാട് പ്രതിഷേങ്ങള്‍ നടത്തിയിട്ടുണ്ട്, അന്നൊന്നും ആശുപത്രിക്കുള്ളില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ തങ്ങള്‍ ചെയ്തിട്ടില്ലെന്നും മമത പറഞ്ഞു.
ബംഗ്ലാദേശിലേതിന് സമാനമായ സാഹചര്യം സൃഷ്ടിച്ച് ബംഗാളില്‍ ഭരണം പിടിച്ചെടുക്കാന്‍ ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം മമത ആരോപിച്ചിരുന്നു.
ഇതിനിടെ വനിതാ ഡോക്ടറുടെ കൊലപാതകം അന്വേഷിക്കുന്ന സിബിഐ സംഘം അഞ്ച് ഡോക്ടര്‍മാരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. സംഭവം നടന്ന പ്രദേശത്തെ പോലീസ് സ്‌റ്റേഷന്റെ ചുമതയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെയും സിബിഐ ചോദ്യംചെയ്തിട്ടുണ്ട്.