ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളുമായുള്ള സഹകരണത്തിന് കേരളം സെക്രട്ടറിയായി ഉദ്യോഗസ്ഥയെ നിയമിച്ചതില്‍ നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര വിഷയം ആണെന്ന് ചൂണ്ടികാട്ടിയ വിദേശകാര്യ മന്ത്രാലയം, കെ വസുകി ഐ എ എസിന്റെ പുതിയ നിയമനത്തില്‍ കേരളത്തിന് താക്കീതും നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വിഷയങ്ങളില്‍ കൈകടത്തരുതെന്ന താക്കീതാണ് കേരളത്തിന് വിദേശകാര്യ മന്ത്രാലയം നല്‍കിയിരിക്കുന്നത്.
വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര വിഷയം ആണെന്നും വിദേശകാര്യ വക്താവ് ചൂണ്ടികാട്ടി. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന ലിസ്റ്റിലും കണ്‍കറന്റ് ലിസ്റ്റിലുമുള്ളതല്ലെന്നും കേരളത്തെ ഓര്‍മ്മിച്ചു. ഭരണഘടനാപരമായ അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കടന്നുകയറരുതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വിദേശകാര്യ മന്ത്രാലയത്തെ മറികടന്ന് സംസ്ഥാനത്ത് വിദേശകാര്യം നോക്കാന്‍ സെക്രട്ടറിയെ നിയമിച്ച പിണറായി സര്‍ക്കാരിന്റെ നടപടി ഭരണഘടനയുടെയും നിയമങ്ങളുടെയും ചട്ടങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും നഗ്നമായ ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര-സംസ്ഥാന ബന്ധം വഷളാക്കുന്ന, രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന ഒന്നാണ് പിണറായി സര്‍ക്കാരിന്റെ നടപടിയെന്ന് വിദഗ്ദര്‍ പറയുന്നു.
തൊഴില്‍ വകുപ്പ്, നോര്‍ക്ക സെക്രട്ടറി ഡോ. കെ. വാസുകിയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ച് ഈ 15നാണ് പൊതുഭരണ വകുപ്പ് പൊളിറ്റിക്കല്‍ വിഭാഗം വിവാദ ഉത്തരവ് ഇറക്കിയത്. നിലവിലുള്ള ചുമതലകള്‍ക്കു പുറമേ വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അധിക ചുമതല കെ. വാസുകി വഹിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുമെന്നുമാണ് ഉത്തരവില്‍.
കൂടാതെ വിദേശകാര്യ മന്ത്രാലയം, വിവിധ വിദേശ മിഷനുകള്‍, എംബസികളുമായുള്ള ബന്ധപ്പെടല്‍ തുടങ്ങിയ വിദേശ സഹകരണ കാര്യങ്ങളില്‍ സഹായിക്കണമെന്നും ഉത്തരവിലുണ്ട്. നിലവില്‍ സെക്രട്ടറി പദവിയിലുള്ള ആള്‍ക്ക് മറ്റൊരു വകുപ്പിന്റെ അധിക ചുമതല നല്കുന്നത് ആ വകുപ്പിന്റെ സെക്രട്ടറി പദവി നല്കുന്നതിനു തുല്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ മാത്രം പരിധിയിലുള്ളതാണ് വിദേശ കാര്യം.
അതില്‍ സെക്രട്ടറിയെ നിയമിക്കാനോ മറ്റ് രാജ്യങ്ങളുമായി നേരിട്ട് ബന്ധപ്പെടാനോ സംസ്ഥാന സര്‍ക്കാരിന് നിയമപരമായി അധികാരമില്ല. ഭരണഘടന പ്രകാരം പൂര്‍ണ ചുമതല വിദേശകാര്യ മന്ത്രാലയത്തിനാണ്. അതായത് ഭരണഘടന വരെ ലംഘിച്ചാണ് വിദേശ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു സംസ്ഥാനം സെക്രട്ടറിയെ നിയമിച്ചത്.
വാസുകിയെ മേയ് 22നാണ് നോര്‍ക്ക റൂട്ട്സിന്റെ സെക്രട്ടറിയാക്കി ഉത്തരവിറക്കിയത്. പിന്നാലെ വിദേശകാര്യ ഏകോപനത്തിന്റെ ചുമതല കൂടി നല്കുകയായിരുന്നു. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത നടപടികളാണ് ഭരണതലത്തിലുണ്ടാകുന്നതെന്ന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. 2021ല്‍ മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ വേണുരാജാമണിക്ക് ചീഫ് സെക്രട്ടറിയുടെ പദവി നല്കി സ്പെഷല്‍ ഡ്യൂട്ടി ഓഫീസറായി ഡല്‍ഹിയില്‍ നിയമിച്ചിരുന്നു.
വാസുകിക്ക് ഇപ്പോള്‍ നല്കിയിരിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കാനായിരുന്നു നിയമനം. എന്നാല്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും മന്ത്രിമാരുടെയും വിദേശ സന്ദര്‍ശനങ്ങള്‍ക്ക് സൗകര്യം ഒരുക്കാന്‍ മാത്രമാണ് സ്പെഷല്‍ ഡ്യൂട്ടി ഓഫീസര്‍ക്ക് കഴിഞ്ഞത്. പിന്നാലെ വേണുരാജാമണിയെ പദവിയില്‍ നിന്നു മാറ്റി. അതിനുശേഷമാണ് വാസുകിയെ നിയമിച്ചത്.
നേരത്തേയും പിണറായി സര്‍ക്കാര്‍ വിദേശകാര്യ ചട്ടങ്ങള്‍ ലംഘിച്ചത് വിവാദമായിരുന്നു. യുഎഇ കോണ്‍സുലേറ്റുമായുള്ള ബന്ധങ്ങള്‍, യുഎഇ റെഡ് ക്രസന്റ് സൊസൈറ്റിയില്‍ നിന്നു വീടു നിര്‍മാണത്തിന് പണം എത്തിച്ചതും നോമ്പിന് സക്കാത്ത് നല്കിയതും ഖുറാന്‍ എത്തിച്ചതും ഏറെ വിവാദമായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിദേശകാര്യ ചട്ട ലംഘനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. അന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ വിദേശകാര്യ വകുപ്പില്‍ സംസ്ഥാനത്തിന് ചുമതലയില്ലെന്ന് വ്യക്തമാക്കിയതുമാണ്