കൊച്ചി: പോക്സോ പ്രകാരമുള്ള കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യാന്‍ ഏതാനും മണിക്കൂര്‍ വൈകിയതിന്റെപേരില്‍ ഡോക്ടറെ കുറ്റക്കാരനായി കാണാനാകില്ലെന്ന് ഹൈക്കോടതി. കുറ്റകൃത്യം യഥാസമയം റിപ്പോര്‍ട്ട് ചെയ്തില്ലെന്നാരോപിച്ച് മംഗളൂരു സ്വദേശിയായ ഡോക്ടര്‍ക്കെതിരേ രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അടിയന്തരമായി ചെയ്യേണ്ട മറ്റുപല ആവശ്യങ്ങളും ഡോക്ടര്‍മാര്‍ക്കുണ്ടാകാം. 24 മണിക്കൂറിലേറെ വൈകിയാലേ വീഴ്ചയായി കണക്കാക്കാനാകൂ എന്നും കോടതി പറഞ്ഞു.
പിതാവിന്റെ പീഡനത്തിനിരയായ പതിനേഴുകാരി ശാരീരികബുദ്ധിമുട്ടുകളെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പരിശോധനനടത്തിയപ്പോള്‍ ഗര്‍ഭിണിയാണെന്ന് സ്ഥിരികരിച്ചു. ഏഴുമണിക്കൂര്‍ കഴിഞ്ഞാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇത് വീഴ്ചയാണെന്നാരോപിച്ചാണ് ഹോസ്ദുര്‍ഗ് പോലീസ് ഡോക്ടര്‍ക്കെതിരേ കേസെടുത്തത്.