കൊച്ചി: കണ്ണൂര്‍-വയനാട് ജില്ലകളുള്‍പ്പെട്ട കബനിദളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോവാദി കൊച്ചിയില്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ഇവനൂര്‍ പടിഞ്ഞാറത്തല വീട്ടില്‍ മനോജിനെയാണ് എറണാകുളം സൗത്ത് റെയില്‍വേസ്റ്റേഷനില്‍നിന്ന് തീവ്രവാദവിരുദ്ധ സേന (എ.ടി.എസ്.) പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തുവരുകയാണ്.
ബ്രഹ്‌മപുരത്തെത്തി സുഹൃത്തില്‍നിന്നു പണംവാങ്ങി മടങ്ങുംവഴിയാണ് അറസ്റ്റ്. 14 യു.എ.പി.എ. കേസുകളില്‍ പ്രതിയാണെന്ന് എ.ടി.എസ്. പറഞ്ഞു. മെക്കാനിക്കല്‍ എന്‍ജിനിയറിങ് പഠനത്തിനു ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കാതെ മാവോവാദി സംഘത്തില്‍ ചേരുകയായിരുന്നു.
മാവോവാദിപ്രവര്‍ത്തനത്തിന്റെ പേരില്‍ വയനാട് ജില്ലാ പോലീസ് പുറത്തിറക്കിയ ‘വാണ്ടഡ്’ പട്ടികയിലുള്‍പ്പെട്ടയാളാണ് മനോജ്. ഇയാള്‍ അടങ്ങുന്ന 20 അംഗ സംഘത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിരുന്നു.
വയനാട്ടിലെ കുഴിബോംബ് സംഭവത്തിനുശേഷം മാവോവാദിസംഘത്തെ എ.ടി.എസ്. നിരീക്ഷിച്ചുവരുകയായിരുന്നു.ആറളം ഫാംമേഖല കേന്ദ്രീകരിച്ച് മാവോവാദി സാന്നിധ്യം രണ്ടുമാസംമുന്‍പേ എ.ടി.എസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മലപ്പുറം സ്വദേശി സി.പി. മൊയ്തിന്‍, തമിഴ്നാട്ടുകാരനായ സന്തോഷ്, വയനാട് സ്വദേശി സോമന്‍ എന്നിവര്‍ക്കൊപ്പം മനോജും സംഘത്തിലുള്ളതായി വിവരംകിട്ടി. ഇവര്‍ക്ക് നാട്ടില്‍നിന്ന് പണവും മറ്റു സഹായങ്ങളും നല്‍കുന്ന ബാബുവിനെ രണ്ടുമാസംമുന്‍പ് അറസ്റ്റുചെയ്തിരുന്നു.
നാലുദിവസംമുന്‍പാണ് മനോജ് നാട്ടില്‍വന്നത്. ഇയാളെ കാണാനില്ലെന്ന അമ്മയുടെ പരാതി കഴിഞ്ഞവര്‍ഷം കഴക്കൂട്ടം പോലീസിന് ലഭിച്ചിരുന്നു. കാര്യവട്ടത്തായിരുന്നു താമസം.കൊച്ചിയില്‍ പിടിയിലായ മാവോവാദി മനോജ് വയനാടന്‍ കാടിറങ്ങിയത് രണ്ടുദിവസംമാത്രം മുന്‍പെന്ന് പോലീസ്. വയനാട്, കണ്ണൂര്‍ അതിര്‍ത്തിയിലെ വനമേഖലയില്‍ തമ്പടിച്ചിരിക്കുന്ന നാലംഗസംഘത്തില്‍ ഒന്നരവര്‍ഷമായി അംഗമാണ് മനോജ്. കഴിഞ്ഞമാസം മക്കിമലയില്‍ കുഴിബോംബ് സ്ഥാപിച്ചത് മനോജ് അടങ്ങുന്ന സംഘമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
കുഴിബോംബ് കണ്ടെത്തിയതിന് പിന്നാലെ മക്കിമല, തലപ്പുഴ, പേര്യ വനമേഖലകളില്‍ എസ്.ഒ.ജി., തണ്ടര്‍ബോള്‍ട്ട്, പോലീസ് സംയുക്തപരിശോധന നടക്കുന്നുണ്ട്. രണ്ടുദിവസമായി ഈ മേഖലയില്‍ അതിതീവ്രമഴയായതിനാല്‍ പരിശോധന നിര്‍ത്തിയിരുന്നു. ഈ സാഹചര്യം മുതലെടുത്ത് കൊട്ടിയൂര്‍ വനമേഖലവഴിയാണ് മനോജ് പുറത്തിറങ്ങിയതെന്നാണ് പോലീസ് നിഗമനം.
വനത്തിലുള്ള മാവോവാദികള്‍ക്ക് സാധനങ്ങള്‍ എത്തിച്ചുനല്‍കാന്‍ കൊറിയര്‍മാരായി പ്രവര്‍ത്തിച്ചിരുന്ന തമ്പി (അനീഷ്), രാഘവേന്ദ്ര എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കുഴിബോംബ് കണ്ടെത്തിയതിന് പിന്നാലെ ഈ മേഖലയില്‍ സഹായം നല്‍കിയിരുന്ന അനുഭാവികളും നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവരും പോലീസിന്റെ നീരീക്ഷണത്തിലാണ്.
ഇതോടെ ഭക്ഷണവും മരുന്നും ഉള്‍പ്പെടെ ലഭിക്കാനും സംഘടനാപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയാനും പ്രയാസമായതോടെയാണ് മനോജ് കാടിറങ്ങാന്‍ നിര്‍ബന്ധിതനായതെന്നാണ് കരുതുന്നത്.
തൃശ്ശൂര്‍ സ്വദേശിയായ മനോജ് തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലെ ബന്ധങ്ങള്‍ ഉപയോഗിച്ച് സാമ്പത്തികം കണ്ടെത്താനും ശ്രമിച്ചതായി സൂചനയുണ്ട്. ആഷിക് എന്നപേരിലും മനോജ് അറിയപ്പെട്ടിരുന്നു. മനോജ് കൂടി പിടിയിലാകുന്നതോടെ കേരളത്തിലെ മാവോവാദിസാന്നിധ്യം ക്ഷയിക്കുകയാണ്.
സി.പി. മൊയ്തീന്‍, സോമന്‍, സന്തോഷ് എന്നിവരാണ് ഇനിയും വനത്തില്‍ തുടരുന്നത്. കടുത്തമഴയായതിനാല്‍ ഇവര്‍ക്ക് ഉള്‍വനത്തില്‍ തങ്ങാനാവില്ല.
സാധാരണ മഴക്കാലത്ത് ഇവര്‍ ഒളിച്ചിരിക്കാറുള്ള ഗുഹകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷിതതാവളങ്ങള്‍ തണ്ടര്‍ബോള്‍ട്ട്, എസ്.ഒ.ജി., പോലീസ് സംയുക്തപരിശോധനയില്‍ കണ്ടെത്തിയിരുന്നു. മഴയില്‍ വന്യമൃഗസാന്നിധ്യം അറിയാന്‍ പ്രയാസമായതിനാലും അവശ്യവസ്തുക്കള്‍ കിട്ടാന്‍ പ്രയാസമുള്ളതിനാലും ഇവര്‍ കാടിനോടുചേര്‍ന്നുള്ള ഒറ്റപ്പെട്ട ജനവാസമേഖലകളിലുണ്ടാകുമെന്നാണ് നിഗമനം. പകല്‍ കാട്ടില്‍ ചെലവിട്ട് രാത്രിയോടെ വിശ്വസ്തരുടെ വീടുകളിലോ, ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലോ മാവോവാദികള്‍ തങ്ങുമെന്നാണ് കരുതുന്നത്. ജനവാസമേഖലകളോടുചേര്‍ന്ന് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
തൃശ്ശൂര്‍ ചേറൂര്‍ സ്വദേശിയായ മനോജ് എം.എ. ഫിലോസഫി ബിരുദധാരിയാണ്. യു.ജി.സി. നെറ്റ് യോഗ്യതയുമുണ്ട്. ബി.ടെകിന് ചേര്‍ന്നിരുന്നെങ്കിലും പഠനം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും പോലീസിന് വിവരമുണ്ട്. 2023 ഫെബ്രുവരിയോടെയാണ് മാവോവാദി സായുധസേനയില്‍ ചേര്‍ന്ന് വയനാടന്‍കാടുകളിലെത്തുന്നത്. സി.പി. മൊയ്തീന്റെ നിര്‍ദേശപ്രകാരം മനോജാണ് കുഴിബോംബ് നിര്‍മിച്ചതും മക്കിമലയില്‍ സ്ഥാപിച്ചതെന്നുമാണ് പോലീസ് പറയുന്നത്.