ന്യൂഡൽഹി: ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കണമെന്ന പഞ്ചാബ് സർക്കാരിന്റെ ബില്ലിന് രാഷ്ട്രപതിയുടെ അനുമതിയില്ല. ഗവർണർ ബൻവാരിലാൽ പുരോഹിതിനെ നീക്കണമെന്ന പഞ്ചാബ് സർക്കാരിൻ്റെ ബിൽ രാഷ്ട്രപതി ദ്രൗപതി മുർമു മടക്കി. പഞ്ചാബ് രാജ്ഭവൻ ഡിസംബറിലാണ് ബിൽ രാഷ്ട്രപതിക്ക് അയച്ചത്. വിഷയത്തിൽ ആംആദ്മി സർക്കാർ നിയമോപദേശം തേടും.
ഗവർണർമാർ ബില്ലുകൾ പിടിച്ചുവെക്കരുതെന്ന് 2023 നവംബർ 10ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ചാൻസലറെ നീക്കുന്നതടക്കമുള്ള മൂന്ന് ബില്ലുകൾ പുരോഹിത് പിടിച്ചുവച്ചിരുന്നു. ഇതിനെതിരെ ആംആദ്മി പാർട്ടി സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്. കോടതി ഉത്തരവ് വന്നതോടെ ചാൻസലറെ നീക്കുന്നത് സംബന്ധിച്ച ബിൽ ഗവർണർ രാഷ്ട്രപതിക്ക് അയച്ചു. സിഖ് ഗുരുദ്വാരയും പഞ്ചാബ് പൊലീസുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകളും രാഷ്ട്രപതിയുടെ പരിഗണനയിലാണ്.
ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കി, പകരം മുഖ്യമന്ത്രിക്ക് യൂണിവേഴ്സിറ്റിയുടെ ചാൻസലർ പദവി നൽകുന്നതാണ് ബിൽ. രാഷ്ട്രപതിയുടെ നടപടിയെ പഞ്ചാബ് ബിജെപി നേതൃത്വം സ്വാഗതം ചെയ്തു. ഭരണഘടനാ വിരുദ്ധമായ നടപടിയാണ് മുഖ്യമന്ത്രി ഭവന്ത് മൻ കൈക്കൊള്ളുന്നതെന്ന് ബിജെപി നേതാവ് സുഭാഷ് ശർമ്മ പറഞ്ഞു. മുഖ്യമന്ത്രി ഇതിൽ നിന്ന് പാഠം ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശർമ്മ പറഞ്ഞു.