ഹരാരെ: ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സിംബാബ്‌വെയ്‌ക്കെതിരെ 168 ണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. വൈസ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ചുറിയുടെ ബലത്തിലാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 167 റണ്‍സെടുത്തത്.
ടോസ് നേടിയ സിംബാബ്‌വേ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ ആദ്യ ഓവറില്‍തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. രണ്ട് സിക്‌സറുകളോടെ അഞ്ച് പന്തില്‍നിന്ന് 12 റണ്‍സടിച്ചായിരുന്നു ജയ്‌സ്വാളിന്റെ മടക്കം.
നാലാം ഓവറില്‍ അഭിഷേക് ശര്‍മ (11 പന്തില്‍നിന്ന് 14) യുടേയും അഞ്ചാം ഓവറില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (14 പന്തില്‍നിന്ന് 13)യും വിക്കറ്റുകള്‍ വീണു. തുടര്‍ന്നെത്തിയ സഞ്ജു സാംസണിന്റെയും റിയാന്‍ പരാഗിന്റെയും കൂട്ടുക്കെട്ടാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. നാല് സിക്‌സറുകളും ഒരു ഫോറുമായി സഞ്ജു 45 പന്തില്‍നിന്ന് 58 റണ്‍സ് നേടി. 24 പന്തില്‍നിന്ന് ഒരു സിക്‌സറോടെ 22 റണ്ണായിരുന്നു പരാഗിന്റെ സമ്പാദ്യം.
12 പന്തില്‍നിന്ന് 26 റണ്‍സടിച്ച ശിവം ദുബെയും മികച്ച പ്രകടനം കാഴ്ചവെച്ചു. ഒമ്പത് പന്തില്‍ നിന്ന് 11 റണ്‍സ് നേടി റിങ്കു സിങ്ങും വാഷിങ്ടണ്‍ സുന്ദറും (1*) പുറത്താകാതെനിന്നു.അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര മൂന്ന് വിജയങ്ങളോടെ ഇന്ത്യ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.