ആലപ്പുഴ: മണ്ണഞ്ചേരിയിലെ ഗവൺമെന്‍റ് ഹൈസ്കൂളിലെ കുട്ടികളുടെ മാഗസിൻ പ്രകാശന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിൽ നിന്ന് വിവാദ യൂ ട്യൂബർ സഞ്ജു ടെക്കി പിന്മാറി. ഇതുമായി ബന്ധപ്പെട്ട വിവാദം കത്തിയതോടെയാണ് സ്കൂളിലെ പരിപാടിയിൽ നിന്നും സഞ്ജു ടെക്കി പിന്മാറിയത്. വിവാദത്തിന് ആഗ്രഹിക്കുന്നില്ലെന്ന് സംഘാടകരെ അറിയിച്ച ശേഷമാണ് ഇയാൾ പിന്മാറിയത്.
നേരത്തെ റോഡ് നിയമലംഘനങ്ങൾ നടത്തിയതിന് എം വി ഡിയും ഹൈക്കോടതിയും ഇടപെട്ട് നടപടിയെടുത്തയാളാണ് സഞ്ജു ടെക്കി. ഗതാഗത നിയമ ലംഘനം നടത്തിയതിനുളള കേസ് കോടതിയിൽ നടക്കുന്നതിനിടെയാണ് സ്കൂൾ വിദ്യാർത്ഥികൾക്കായുളള പരിപാടിയിൽ സഞ്ജു മുഖ്യാതിഥിയാകുന്നുവെന്ന നോട്ടീസ് പുറത്തുവന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നാണ് നോട്ടീസിൽ സഞ്ജു ടെക്കിക്ക് നൽകിയിരുന്ന വിശേഷണം.
നോട്ടീസ് പുറത്തുവന്നതോടെ വലിയ വിമർശനം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. സി പി എം ഭരിക്കുന്ന ജില്ലാ പഞ്ചായത്തായിരുന്നു പരിപാടിയുടെ സംഘാടകർ. പ്രസിഡന്റ് കെ ജി രാജേശ്വരിയായിരുന്നു പരിപാടിയുടെ അധ്യക്ഷ. പഞ്ചായത്ത് ഭരണസമിതിക്കെതിരെയടക്കം വിമർശനം ശക്തമാകുന്നതിനിടെയാണ് സഞ്ജു ടെക്കി തന്നെ പരിപാടിയിൽ നിന്നും പിന്മാറുന്നതായി അറിയിച്ചത്.