കൊച്ചി:സമൂഹമാധ്യമങ്ങളിൽ വരുന്ന കമന്റ് വായിച്ച് കരഞ്ഞിരുന്ന ഒരു സമയം ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി നടിയും നർത്തകിയുമായ രചന നാരായണൻകുട്ടി. തന്നെ അറിയാത്തവർ പറയുന്ന കമന്റുകൾ വായിച്ച് വിഷമിക്കേണ്ടതില്ലെന്ന് പിന്നീട് തിരിച്ചറിഞ്ഞെന്നും ഇപ്പോൾ ട്രോളുകൾ ആസ്വദിക്കാറുണ്ടെന്നും രചന പറഞ്ഞു. മറിമായം ടീം ഒരുക്കുന്ന പഞ്ചായത്ത് ജെട്ടി എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് രചനയുടെ തുറന്നു പറച്ചിൽ.
രചനയുടെ വാക്കുകൾ: “ഞാൻ എപ്പോഴും ഹാപ്പിയാണ്. വിഷമം ഇല്ലാത്ത അവസ്ഥ ഇല്ലായെന്നല്ല. അതെല്ലാം മറി കടക്കാൻ പറ്റുന്ന ഒരു കലയാണ് കൂടെയുള്ളത്. എന്റെ നൃത്തം ഒരുപാട് എനിക്ക് അനുഗ്രഹം ആയിട്ടുണ്ട്. ഞാൻ ഇടപെടുന്ന ആളുകളും അങ്ങനെയുള്ള ആളുകളാണ്. എനിക്കു കൂട്ടുള്ള ആളുകളും അങ്ങനെയുള്ള ആളുകളാണ്. ഒരിക്കൽ പിഷാരടിയോട് ലാലേട്ടൻ പറഞ്ഞു, അദ്ദേഹം തലവേദന വരുമ്പോൾ അത് ആസ്വദിക്കാറുണ്ടെന്ന്! തലവേദന ആസ്വദിക്കുക എന്നതാണ് ലാലേട്ടൻ പറഞ്ഞ റെമഡി. എല്ലാ വേദനകളും അദ്ദേഹം ആസ്വദിക്കുന്ന രീതിയിൽ ആസ്വദിക്കാൻ പറ്റിയില്ലെങ്കിലും ഒരു പരിധി വരെ ഇതെല്ലാം നമ്മുടെ മനസിന്റെ ആണെന്ന് ഞാൻ തിരിച്ചറിയുന്നുണ്ട്.”
“മോശമായി ആരെങ്കിലും എന്നെക്കുറിച്ചു പറഞ്ഞാൽ ഞാൻ അങ്ങനെ ആകുമോ? ഒരിക്കലും ആകില്ല. ഞാൻ അങ്ങനെ ആകില്ലെന്ന് എനിക്കറിയാം, എന്റെ കുടുംബത്തിന് അറിയാം, സുഹൃത്തുക്കൾക്ക് അറിയാം. എല്ലാ ജനതയെും ബോധിപ്പിച്ചുകൊണ്ട് ജിവിതം മുന്നോട്ടു പോകേണ്ട കാര്യമില്ലല്ലോ. പക്ഷേ, കമന്റ് വായിച്ചു വിഷമിച്ചിരുന്ന ഒരു സമയം എനിക്കും ഉണ്ടായിരുന്നു.”
“കമന്റ് കണ്ട് ഒരു ദിവസം മുഴുവൻ കരഞ്ഞ ഒരു സമയം എനിക്കുണ്ടായിരുന്നു. ഞാൻ എന്നെത്തന്നെ തിരിച്ചറിഞ്ഞു. എനിക്ക് ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. എന്നെ അറിയാത്ത ആളുകൾ എന്നെപ്പറ്റി എന്തെങ്കിലുമൊക്കെ പറയുന്നതിൽ ഞാൻ വിഷമിച്ചിട്ടു കാര്യമില്ല. ഇപ്പോൾ എല്ലാവരും അങ്ങനെയാണ് കാര്യങ്ങൾ എടുക്കുന്നത്. ട്രോളുകൾ ആസ്വദിക്കുന്ന ആളാണ് ഞാൻ. എനിക്കു രണ്ടു മൂന്നു സുഹൃത്തുക്കൾ ഉണ്ട്. എന്നെപ്പറ്റി ട്രോളുകൾ ഇറങ്ങിയാൽ അവരാണ് എനിക്ക് ആദ്യം അയച്ചു തരിക. പിന്നെ, ഞങ്ങൾ അതിനെപ്പറ്റി ചർച്ചയാണ്.
സത്യത്തിൽ ജീവിതം മനോഹരമാണ്. പലരും എന്നോട് അവരുടെ പ്രശ്നങ്ങൾ പറയുമ്പോൾ എനിക്ക് ഉത്തരം കൊടുക്കാൻ പറ്റുന്നുണ്ടല്ലോ. എനിക്ക് അനുഭവങ്ങൾ ഉണ്ടല്ലോ. അത് എനിക്ക് സന്തോഷം തരുന്നുണ്ട്. ഞാൻ ജീവിക്കുന്നു, നിങ്ങളെ ജീവിക്കാൻ അനുവദിക്കുന്നു. അതാണ് എന്റെ പോളിസി. അത് എല്ലാവർക്കും ആവശ്യമാണ്. നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കുന്നു. മറ്റുള്ളവരെ അവരുടെ ജീവിതം ജീവിക്കാൻ അനുവദിക്കുകയും വേണമല്ലോ.”