ബെര്‍ലിന്‍: അവസാനമിനിറ്റുകളില്‍ തുര്‍ക്കി പ്രതിരോധത്തെ പൊളിച്ച് രണ്ട് തവണ വലകുലുക്കി ഓറഞ്ച് പട യൂറോ കപ്പിന്റെ സെമിയിലെത്തി. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്‌സിന്റെ വിജയം. ഒരു ഗോളിന് പിന്നിട്ടുനിന്ന ഡച്ച് പട അവസാനനിമിഷം രണ്ടുഗോളടിച്ചാണ് വിജയിച്ചത്. 35-ാം മിനിറ്റില്‍ സാമത്ത് അകയ്ഡിനാണ് തുര്‍ക്കിയ്ക്കായി ഗോളടിച്ചത്. എന്നാല്‍ 70-ാം മിനിറ്റില്‍ സ്റ്റീഫന്‍ ഡി വ്രിജിന്റേയും 76-ാം മിനിറ്റിലെ തുര്‍ക്കി താരം മെര്‍ട് മുള്‍ഡറുടെ സെല്‍ഫ് ഗോളുമാണ് നെതര്‍ലന്‍ഡ്‌സിനെ മുന്നിലെത്തിച്ചത്. മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. സെമിയില്‍ ഇംഗ്ലണ്ടാണ് നെതര്‍ഡലന്‍ഡ്‌സിന്റെ എതിരാളികള്‍.
മത്സരം ആരംഭിച്ച് ആദ്യ മിനിറ്റില്‍ തന്നെ നെതര്‍ലന്‍ഡിന് മുന്നിലെത്താനുള്ള അവസരം ലഭിച്ചു. എന്നാല്‍ ഡച്ച് സ്‌ട്രൈക്കര്‍ മെംഫിസ് ഡിപേയ്ക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. തുര്‍ക്കി പെനാല്‍റ്റി ബോക്‌സിനുള്ളില്‍ നിന്ന് ഡിപേയ് ഉതിര്‍ത്ത ഷോട്ട് ലക്ഷ്യം കാണാതെ പോയി. തുടര്‍ന്ന് തുര്‍ക്കിയും ഡച്ച് ബോക്‌സിലേക്ക് മുന്നേറി. പന്ത് കൈവശം വെച്ച് കളിച്ച തുര്‍ക്കി പതിയെ അവസരങ്ങള്‍ സൃഷ്ടിച്ചു. മുന്നേറ്റങ്ങള്‍ക്കൊപ്പം തന്നെ ശ്രദ്ധയോടെ പ്രതിരോധം ഉറപ്പാക്കാനും ഇരുടീമുകളും ശ്രമിച്ചു.
മത്സരത്തിന്റെ 35-ാം മിനിറ്റില്‍ നെതര്‍ഡലന്‍ഡ്‌സിനെ ഞെട്ടിച്ച് തുര്‍ക്കി മുന്നിലെത്തി. തുര്‍ക്കി ഡിഫെന്‍ഡര്‍ സാമത്ത് അകയ്ഡിനാണ് വലകുലുക്കിയത്. കോര്‍ണറിന് പിന്നാലെയാണ് ഗോള്‍ പിറന്നത്. പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് ആര്‍ദ ഗുലെറിന്റെ ക്രോസില്‍ തകര്‍പ്പന്‍ ഹെഡറിലൂടെ അകയ്ഡിന്‍ ലക്ഷ്യം കണ്ടു. അത് തടയാന്‍ ഡച്ച് പ്രതിരോധതാരങ്ങള്‍ക്കോ ഗോള്‍കീപ്പര്‍ ബാര്‍ട് വെര്‍ബ്രൂഗനോ സാധിച്ചില്ല. തുര്‍ക്കിയ്ക്കായി അകയ്ഡിന്‍ നേടുന്ന ആദ്യ ഗോള്‍ കൂടിയാണിത്. ആദ്യ പകുതിയില്‍ തിരിച്ചടിക്കാനുള്ള നെതര്‍ലന്‍ഡ്‌സിന്റെ ശ്രമങ്ങളൊന്നും തുര്‍ക്കിക്ക് മുന്നില്‍ നടപ്പായില്ല. പന്ത് കിട്ടിയ സന്ദര്‍ഭങ്ങളില്‍ ഡച്ച് ഗോള്‍മുഖം വിറപ്പിക്കാനും തുര്‍ക്കിക്ക് കഴിഞ്ഞു. അതോടെ ആദ്യ പകുതി ഒരു ഗോളിന് തുര്‍ക്കി മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ സ്റ്റീവന്‍ ബെര്‍ഗ്വയിനെ പിന്‍വലിച്ച് വൗട്ട് വെഗോസ്റ്റിനെ റൊണാള്‍ഡ് കോമാന്‍ കളത്തിലിറക്കി. പിന്നാലെ സമനിലഗോളിനായി ഡച്ച് പട ആക്രമണം കടുപ്പിച്ചു. 56-ാം മിനിറ്റില്‍ ആദര്‍ദ ഗുലെര്‍ ഡച്ച് പടയെ വിറപ്പിച്ചു. ഗുലെറിന്റെ ഫ്രീകിക്ക് പോസ്റ്റില്‍ തട്ടിയാണ് മടങ്ങിയത്. ഗോളിനായി ഡച്ച് മുന്നേറ്റനിര പലതവണ തുര്‍ക്കിയുടെ പെനാല്‍റ്റി ബോക്‌സില്‍ കയറിയിറങ്ങി. പക്ഷേ ഗോള്‍ മാത്രം അകന്നുനിന്നു. തുര്‍ക്കി ഗോള്‍കീപ്പര്‍ മെര്‍ട് ഗുണോക് മികച്ച സേവുകളുമായി രക്ഷകനായി.
അതിനിടയില്‍ തുര്‍ക്കി ഗോളിനടുത്തെത്തി. കെനാന്‍ യില്‍ഡിസിന്റെ ഉഗ്രന്‍ ഷോട്ട് ഡച്ച് ഗോളി തട്ടിയകറ്റി. റീബൗണ്ടിലും മികച്ച അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. പിന്നാലെ ആക്രമണം ശക്തമാക്കിയ ഓറഞ്ച് പട സമനിലഗോള്‍ നേടി. 70-ാം മിനിറ്റില്‍ പ്രതിരോധതാരം സ്റ്റീഫന്‍ ഡി വ്രിജാണ് ഗോളടിച്ചത്. ഡിപേയിയുടെ ക്രോസില്‍ കിടിലന്‍ ഹെഡറിലൂടെ താരം വലകുലുക്കി. വിജയഗോളിനായി മുന്നേറിയ കോമാനും സംഘവും മിനിറ്റുകള്‍ക്കകം വീണ്ടും ഗോളടിച്ചു.
വലതുവിങ്ങിലെ മുന്നേറ്റത്തിനൊടുക്കം ബോക്‌സിലേക്ക് നീട്ടിയ ക്രോസില്‍ നിന്നാണ് ഗോള്‍ പിറന്നത്. ക്രോസ് തടയാന്‍ ശ്രമിക്കുന്നതിനിടെ തുര്‍ക്കി പ്രതിരോധതാരം മെര്‍ട് മുള്‍ഡറുടെ കാലില്‍ തട്ടിയ പന്ത് വലയിലേക്ക് പതിച്ചു. പിന്നാലെ തുര്‍ക്കി ഡച്ച് ബോക്‌സിലേക്ക് നിരനിരയായി ആക്രമണമഴിച്ചുവിട്ടു. അവസാനമിനിറ്റുകളില്‍ പലതവണ ഗോളിനടുത്തെത്തി. ലക്ഷ്യത്തിലെത്തിക്കാനാകാതെ വന്നതോടെ തുര്‍ക്കി പരാജയത്തോടെ മടങ്ങി. ഡച്ച് പട സെമി ടിക്കറ്റെടുത്തു.