ന്യൂഡൽഹി: അസമിലെ പ്രളയ ദുരിതമൊഴിയുന്നില്ല. സ്ഥിതി ഗുരുതരമായി തുടരുകയാണ്. 30 ജില്ലകളിലായി 24.5 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചത്. പ്രധാന നദികൾ പലയിടത്തും അപകടകരമായ നിലയിൽ കരകവിഞ്ഞൊഴുകുകയാണ്.
വെള്ളപ്പൊക്കത്തിൽ കാസിരംഗ ദേശീയ ഉദ്യാനത്തിലെ 114 വന്യമൃഗങ്ങൾ ചത്തു. ശനിയാഴ്ച വരെ 95 മൃഗങ്ങളെ രക്ഷപ്പെടുത്തിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. നാല് കാണ്ടാമൃഗങ്ങളും 94 മാനുകളും മുങ്ങി ചത്തു. 11 മൃഗങ്ങൾ ചികിത്സയ്ക്കിടെയാണ് ചത്തത്. നിലവിൽ, 34 മൃഗങ്ങൾ ചികിത്സയിലുള്ളതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഈ വർഷം വെള്ളപ്പൊക്കത്തിൽ സംസ്ഥാനത്ത് 52 പേരുടെ ജീവൻ പൊലിഞ്ഞു. കൂടാതെ ഉരുൾപൊട്ടലിലും കൊടുങ്കാറ്റിലും 12 പേരും മരണമടഞ്ഞതായാണ് ഔദ്യോഗിക കണക്കുകൾ. കച്ചാർ, കാംരൂപ്, ധുബ്രി, നാഗോൺ, ഗോൾപാറ, ബാർപേട്ട, ദിബ്രുഗഡ്, ബൊംഗൈഗാവ്, ലഖിംപൂർ, ജോർഹട്ട്, കൊക്രജാർ, കരിംഗഞ്ച്, ടിൻസുകിയ തുടങ്ങിയ ജില്ലകളെയാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി വെള്ളപ്പൊക്ക സാഹചര്യം വിലയിരുത്തി. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തുകയും ദുരിതബാധിതരെ സഹായിക്കുകയും ചെയ്യുന്നുണ്ട്.