മുംബൈ: ടി20 ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് 11 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. വെള്ളിയാഴ്ച വിധാന്‍ ഭവനിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന അഭിനന്ദനച്ചടങ്ങിനു പിന്നാലെയാണ് പ്രഖ്യാപനം. വിധാന്‍ ഭവനില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, യശസ്വി ജയ്‌സ്വാള്‍ എന്നിവരെ മുഖ്യമന്ത്രി നേരില്‍ ക്ഷണിച്ച് അഭിനന്ദനങ്ങള്‍ നേര്‍ന്നിരുന്നു.
പ്രസംഗത്തില്‍ ഷിന്‍ഡെ പാകിസ്താനെതിരേ നേടിയ വിജയത്തില്‍ പ്രത്യേകം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഫൈനലില്‍ സൂര്യകുമാര്‍ യാദവ് നടത്തിയ മില്ലറിന്റെ നിര്‍ണായകമായ ക്യാച്ചും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. സപ്പോര്‍ട്ട് ടീം മെമ്പര്‍മാരായ പരാസ് മാമ്പ്രെ, അരുണ്‍ കനാദ് എന്നിവരുടെ സംഭാവനകളും എടുത്തുപറഞ്ഞു.
വിശ്വകിരീടം ചൂടിയ ടീം വ്യാഴാഴ്ചയാണ് ഇന്ത്യയിലെത്തിയത്. കരീബിയയിലെ ബെറില്‍ ചുഴലിക്കാറ്റ് കാരണമാണ് മടങ്ങിയെത്താന്‍ താമസിച്ചത്. രാവിലെ ഡല്‍ഹിയിലെത്തിയ ടീമംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലെത്തി സന്ദര്‍ശനം നടത്തി. വൈകീട്ട് മുംബൈയിലെത്തിയ ടീം വിപുലമായ വിജയാഘോഷങ്ങള്‍ നടത്തി. ഓപ്പണ്‍ ബസിലെ വിക്ടറി പരേഡിലും വാംഖഡെ സ്റ്റേഡിയത്തിലെ വിജയാഘോഷ പരിപാടിയിലും പതിനായിരങ്ങള്‍ പങ്കെടുത്തു.