കൊച്ചി:ശരീരഭാരം കുറക്കാനുള്ള തീവ്രശ്രമത്തിലാണ് നിങ്ങളെങ്കിൽ ഇനി മുതൽ ഉലുവ കഴിച്ച് തുടങ്ങിക്കോളൂ. ഔഷധ ഗുണങ്ങൾക്ക് പേരുകേട്ട ഇവ തടി കുറക്കാനുള്ള നിങ്ങളുടെ യാത്രയെ വളരെ എളുപ്പത്തിൽ സഹായിക്കും. എങ്ങനെയെന്നല്ലേ, പറഞ്ഞുതരാം.
ലയിക്കുന്ന നാരുകളാൽ സമ്പന്നമാണ് ഉലുവ വിത്ത്. ഇത് വിശപ്പ് കുറയ്ക്കാൻ നിങ്ങളെ സഹായിക്കും. കൂടുതൽ നേരം വയർ നിറഞ്ഞിരിക്കാനും ഇത് ഉത്തമമാണ്. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും അതുവഴി ആസക്തിയും അമിതഭക്ഷണവും തടയുകയും ചെയ്യും.
ഉപാപചയ നിരക്ക് വർദ്ധിപ്പിക്കാൻ ഉലുവയ്ക്ക് കഴിയുമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഉപാപചയ നിരക്ക് വർധിക്കുമ്പോൾ കൂടുതൽ കലോറി കത്തുകയും അതുവഴി ശരീകഭാരം കുറയും. കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്ന സംയുക്തങ്ങളും ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഇനി എങ്ങനെയൊക്കെ ഉലുവ കഴിക്കണമെന്ന് നോക്കാം.
അതിരാവിലെ ഉലുവ വെള്ളം കുടിക്കാം
തലേന്ന് ഉലുവ വെള്ളത്തിൽ കുതിർത്ത് വെച്ച് വെറും വയറ്റിൽ കഴിക്കുന്നത് ഉത്തമമാണ്.വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും
ഉലുവ ചായ
മെറ്റബോളിസം വർധിപ്പിക്കാൻ ഉലുച ചായ കുടിക്കാം.ഉലുവ ചായ ഉണ്ടാക്കുന്നത് വളരെ ലളിതമാണ്. ഒരു ടീസ്പൂൺ ഉലുവ ഒരു കപ്പ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർക്കുക. രാവിലെ, ഏകദേശം അഞ്ച് മിനിറ്റോളം ഇത് നന്നായി തിളപ്പിച്ച് കുടിക്കാം. ഉലുവ ചായ ഗുണകരമാണെങ്കിലും ഇവ ചിലരിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം. ചില ആളുകൾക്ക് വയറുവേദന അല്ലെങ്കിൽ ഗ്യാസ് പോലുള്ള ദഹന പ്രശ്നങ്ങൾ അനുഭവപ്പെടാം. അതുകൊണ്ട് തന്നെ ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഉലുവ കഴിക്കാം.
മുളപ്പിച്ച ഉലുവ
മുളപ്പിച്ച ഉലുവയിൽ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ എ, ബി6, സി, കെ എന്നിവയാലും സമ്പന്നമാണിവ. ഈ വിറ്റാമിനുകൾ ഊർജ്ജ നില നിലനിർത്തുന്നതിലും ഉപാപചയ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും സുപ്രധാന പങ്കുവഹിക്കുന്നു. പേശികളുടെ പ്രവർത്തനത്തിനും എല്ലുകളുടെ ആരോഗ്യത്തിനും ഉൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് അത്യാന്താപേക്ഷിതമായ ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കളും മുളപ്പിച്ച ഉലുവയിൽ നിന്നും ലഭിക്കും. മുളപ്പിച്ച ഉലുവ സാലഡിൽ ചേർത്ത് കഴിക്കാം. അല്ലെങ്കിൽ സൂപ്പുകളിലോ സ്മൂത്തിയിലോ ഉപയോഗിക്കാം.
ഉലുവ പൊടി
ഉലുവ പൊടിച്ച് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ ലളിതമാണ്. ഇത് ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് വെറും വയറ്റിൽ കുടിക്കാം. സാലഡുകളിലോ സൂപ്പുകളിലോ ചേർത്ത് കുടിക്കാം. സ്ഥിരമായ ഉപയോഗം ശരീരഭാരം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കും.