കല്‍പ്പറ്റ: കേണിച്ചിറയില്‍ നാട്ടുകാരെ വിറപ്പിച്ച കടുവ പിടിയിലായതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍. കടുവയെ കാട്ടിലേക്ക് വിടാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന വിലയിരുത്തലിലാണ് വനംവകുപ്പ്. കടുവ കൂട്ടിലായതോടെ നാട്ടുകാര്‍ വലിയ ആശ്വാസത്തിലാണ്. കേണിച്ചിറയില്‍ വളര്‍ത്തുമൃഗങ്ങളെ അടക്കം കൊന്ന കടുവ നാട്ടുകാര്‍ക്ക് വലിയ ഭീഷണിയായി മാറിയിരുന്നു.
ഞായറാഴ്ച്ച പുലര്‍ച്ച കടുവ വീട്ടുമുറ്റത്ത് വരെ എത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു നാട്ടുകാര്‍. എന്നാല്‍ കൂട്ടിലായ ശേഷം കടുവയുടെ ആരോഗ്യനില അത്ര മെച്ചപ്പെട്ടിട്ടില്ല. തോല്‍പ്പെട്ടി 17 എന്ന കടുവയാണ് കേണിച്ചിറയിലെ കെണിയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ കുടുങ്ങിയത്.
കടുവയുടെ താഴത്തെ നിരയിലെ രണ്ട് പല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇപ്പോള്‍ കാട്ടിലേക്ക് തുറന്നുവിടില്ല. നിലവില്‍ ഇരുളം വനംവകുപ്പ് കേന്ദ്രത്തിലുള്ള കടുവയെ മൃഗശാലയില്‍ പുനരധിവസിപ്പിച്ചേക്കും. കൂടുതല്‍ പരിശോധനയ്ക്ക് കടുവയെ വിധേയമാക്കാനുള്ള തീരുമാനത്തിലാണ് വനംവകുപ്പ്.
കേണിച്ചിറയില്‍ മൂന്ന് ദിവസമായി വളര്‍ത്തുമൃഗങ്ങളെ ഈ കടുവ കൊന്നിരുന്നു. തുടര്‍ന്ന് ഇവിടെ സാബുവെന്നയാളുടെ വീട്ടുവളപ്പില്‍ വെച്ച കെണിയിലാണ് കടുവ കുടുങ്ങിയത്. നാല് പശുക്കളെയാണ് കടുവ കേണിച്ചിറയില്‍ കൊന്നത്. ഒറ്റരാത്രിയില്‍ മൂന്ന് പശുക്കളെ കടുവ കൊന്നിരുന്നു. പശുക്കളെ കൊന്ന തൊഴുത്തില്‍ വീണ്ടുമെത്തിയപ്പോഴാണ് കടുവ കൂട്ടിലായത്.
കന്നുകാലികള്‍ വ്യാപകമായി ചത്തതോടെ കഴിഞ്ഞ ദിവസം നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പശുവിന്റെ ജഡവും കൊണ്ട് റോഡ് ഉപരോധിച്ചായിരുന്നു പ്രതിഷേധിച്ചത്. സുല്‍ത്താന്‍ ബത്തേരി പനമരം റോഡ് ആണ് ഉപരോധിച്ചത്.
നേരത്തെ നാട്ടുകാരുടെ പ്രതിഷേധം കനത്ത സാഹചര്യത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മയക്കുവെടി വെച്ച് പിടികൂടാന്‍ ഉത്തരവിട്ടിരുന്നു.രണ്ട് ദിവസം മുമ്പ് കൂട് സ്ഥാപിച്ച് കടുവയെ പിടിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിലൊന്നും കടുവ വീണിരുന്നില്ല. തുടര്‍ന്നാണ് മയക്കുവെടിയിലൂടെ പിടിക്കാന്‍ ഉത്രപവിട്ടത്. ബത്തേരി ആര്‍ആര്‍ടി സംഘം ഉള്‍പ്പെടുന്ന വനപാലക സേന മയക്കുവെടി ദൗത്യത്തിനായി ഒരുങ്ങിയിരുന്നു.
മൂന്ന് സംഘങ്ങളായി തിരിഞ്ഞ് 21 അംഗ ദൗത്യ സംഘം തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. പത്ത് വയസ്സുള്ള ആണ്‍കടുവയാണ് തോല്‍പ്പെട്ടി 17 എന്ന് അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. കേണിച്ചിറ ടൗണില്‍ വലിയ പ്രക്ഷോഭങ്ങളാണ് നടന്നത്. അനുനയ നീക്കങ്ങളുമായി വനംവകുപ്പ് എത്തിയിരുന്നു. തുടര്‍ന്നാണ് ചര്‍ച്ചകള്‍ നടന്നത്.
നഷ്ടപരിഹാരത്തിന്റെ കാര്യമടക്കം പിന്നീട് തീരുമാനിച്ചിരുന്നു. ആദ്യ ഗഡുവമായി 30000 രൂപ നല്‍കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ അതിന് ശേഷമാണ് കടുവ വനംവകുപ്പിന്റെ കെണിയില്‍ വീഴുന്നത്. ഇതോടെ നാട്ടുകാര്‍ക്ക് മാത്രമല്ല വനംവകുപ്പിന് കൂടിയാണ് ആശ്വാസമായിരിക്കുന്നത്. ഇല്ലെങ്കില്‍ നാട്ടുകാര്‍ കൂടുതല്‍ വലിയ പ്രതിഷേധം നടത്തുമായിരുന്നു.