കോട്ടയം: മെഡിക്കൽ കോളേജിന് സമീപം ചെമ്മനംപടിയിൽ വീട് കുത്തിത്തുറന്ന് 20 പവൻ മോഷ്ടിച്ചു.ഗാന്ധിനഗർ മെഡിക്കൽ കോളേജ് ചെമ്മനംപടിയിൽ ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.
വീട്ടുകാർ മൂന്നാറിൽ മകന്റെ വീട്ടിൽ പോയ തക്കം നോക്കിയാണ് മോഷ്ടാക്കൾ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഇന്ന് രാവിലെ വീട്ടുകാർ മൂന്നാറിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. രണ്ടു നില വീടിൻ്റെ മുൻ വാതിലിലെ ഒരു പാളി ഇളക്കി മാറ്റിയ ശേഷം ഉള്ളിൽ കടന്ന മോഷ്ടാവ് വീടിനുള്ളിൽ കടക്കുകയായിരുന്നു.
വീടിനുള്ളിലെ അലമാരയിൽ സൂക്ഷിച്ച 20 പവൻ സ്വർണമാണ് മോഷണം പോയത്. വീടിനുള്ളിൽ സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലാണ്. ലാപ്ടോപ്പോ മറ്റ് സാധനങ്ങളോ മോഷ്ടിച്ചിട്ടില്ല. ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്‌ധരും സൈന്റിഫിക് എക്സ്പേർട്ട് സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്.
കൂത്താട്ടുകുളം ചോരക്കുഴി പന്നപ്പുറം റോഡിൽ പന്തലിട്ട കാലായിൽ പി.എൻ. സാബുവിന്റെ ഭാര്യയുടെ 14 ഗ്രാം തൂക്കമുള്ള സ്വർണവളകൾ മോഷ്ടിച്ച തമിഴ്നാട് സംഘത്തിലെ രണ്ടുപേർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
തേനി ഉത്തമപാളയം സ്വദേശികളായ സന്തോഷ് (32), വേലൻ (25) എന്നിവരെയാണ് തേനിയിൽനിന്ന് പോലീസ് പിടികൂടിയത്. സംഘത്തിലുൾപ്പെട്ട പശുപതി, അർജുൻ (മാണിക്യൻ) എന്നിവർക്കുവേണ്ടി കേരള പോലീസ് തമിഴ്നാട്ടിലെ കാമാക്ഷിയമ്മൻ തെരുവിൽ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ഏപ്രിൽ 28-നാണ് മോഷണം നടന്നത്.
ഉറങ്ങിക്കിടന്നിരുന്ന സാബുവിന്റെ ഭാര്യയുടെ രണ്ട് വളകളാണ് പ്രത്യേക ഉപകരണമുപയോഗിച്ച് മോഷണ സംഘം മുറിച്ചെടുത്തത്. വീടിന്റെ പിൻഭാഗത്തുള്ള ഗ്രില്ലിെന്റ പൂട്ട് അറുത്തുമുറിച്ചാണ് സംഘം അകത്തു കടന്നത്. പോലീസ് സംഘത്തിന് ഗ്രില്ലിൽനിന്ന് ലഭിച്ച വിരലടയാളമാണ് മോഷ്ടാക്കളെ പിടികൂടുന്നതിന് സഹായകമായത്.
തമിഴ്നാട് സംഘത്തിലുൾപ്പെട്ട സന്തോഷ് വർഷങ്ങളായി കേരളത്തിൽ വിവിധ ജോലികൾ ചെയ്തു വരികയാണ്. പാലക്കുഴയിൽ കുറച്ചുമാസം താമസിച്ചിരുന്നു. കൈക്കോട്ടുമായി ജോലി അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് മോഷണം നടത്താൻപറ്റുന്ന വീടുകൾ സന്തോഷ് കണ്ടെത്തുന്നത്. പിന്നീട് കാമാക്ഷിയമ്മൻ തെരുവിലുള്ള സംഘത്തിന് വിവരം നൽകും. പശുപതി, അർജുൻ, സന്തോഷ് ഉൾപ്പെട്ട മൂവർസംഘം മോഷണത്തിന് നിശ്ചയിച്ച വീടുകളിലെത്തി പരിസരം നിരീക്ഷിക്കും.മണലെടുത്തെറിഞ്ഞ് നായ്ക്കൾ ഉണ്ടോയെന്ന പരിശോധന നടത്തും.
ചോരക്കുഴി-പന്നപ്പുറം റോഡിൽ പുൻനിലം ഭാഗത്ത് ഇതേദിവസം രാത്രിയിൽ സംഘം മോഷണത്തിന് ശ്രമം നടത്തി. പുറത്ത് ആളുകളെക്കണ്ട് വീട്ടമ്മ ബഹളം വെച്ചതിനേത്തുടർന്ന് സംഘം ഓടിമറഞ്ഞു. മോഷണത്തിനു ശേഷം സന്തോഷിന് നൽകാനുള്ള വിഹിതം പണമായി നൽകി മറ്റ് രണ്ടുപേർ കാമാക്ഷിപുരത്തേക്ക് പോകും. സാബുവിന്റെ വീട്ടിലെ മോഷണജോലിക്ക് 16,000 രൂപയാണ് സന്തോഷിന് ലഭിച്ചത്.
മോഷ്ടിച്ചസ്വർണം വിൽക്കുന്നതിന് സഹായിയായി പ്രവർത്തിക്കുന്നത് തമിഴ്നാട്ടിലെ സംഘാംഗം വേലൻ ആണ്. സാബുവിന്റെ വീട്ടിൽനിന്ന് മോഷ്ടിച്ച രണ്ട് വളകളും വ്യാപാരിയിൽനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. സന്തോഷിൽ നിന്നുമാണ് വേലൻ, പശുപതി, അർജുൻ എന്നിവരെക്കുറിച്ച് വിവരം ലഭിക്കുന്നത്. സന്തോഷിനെയും വേലനെയും പിടികൂടിയതിനെ തുടർന്ന് പോലീസ് കാമാക്ഷിയമ്മൻ തെരുവിലെത്തിയിരുന്നെങ്കിലും വീടുകൾക്ക് മുകളിൽ വിശ്രമിച്ചിരുന്ന സംഘം ഓടിമറഞ്ഞു.
സന്തോഷ് വേലൻ എന്നിവരെ റിമാൻഡ് ചെയ്തു. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പിള്ളി തുടങ്ങി വിവിധ സ്ഥലങ്ങളിലായി മോഷണക്കുറ്റത്തിന് സന്തോഷിന്റെ പേരിൽ 60 കേസുകളുണ്ട്. രാമപുരം പോലീസിെന്റ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.