കൊച്ചി:മയൂഖം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന മംമ്ത മോഹൻദാസ് ഇന്ന് മലയാളത്തിലെ മുൻനിര നായിക നടിമാരിൽ ഒരാളാണ്. അന്നും ഇന്നും മംമ്തയ്ക്ക് സിനിമാ രംഗത്ത് സ്ഥാനമുണ്ട്. ഇടയ്ക്കിടെ ഇടവേളകൾ വന്നപ്പോഴും തിരിച്ച് വരവിൽ മികച്ച സിനിമകൾ മംമ്തയെ തേടി വന്നു. അഭിപ്രായങ്ങൾ തുറന്ന് പറയാൻ മംമ്ത മടിക്കാറില്ല. കാര്യങ്ങൾ കൃത്യമായും തുറന്നും പറയുന്ന പ്രകൃതമാണ് മംമ്തയുടേത്. സിനിമയിലെ സ്ത്രീ പ്രാതിനിധ്യം, പ്രതിഫലത്തിലെ അന്തരം തുടങ്ങിയവയെക്കുറിച്ചെല്ലാം വ്യക്തമായ അഭിപ്രായം മംമ്ത പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ഒരു പ്രമുഖ താരത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മംമ്ത. നിരവധി നടിമാർ എന്റെ സിനിമയിൽ സെക്കന്റ് ലീഡായി അഭിനയിച്ചിട്ടുണ്ട്. ഒരിക്കൽ പോലും അവർ ഈ സിനിമയുടെ ഭാഗമാകരുതെന്നോ പോസ്റ്ററിലോ ഗാനത്തിലോ ഉണ്ടാകരുതെന്നോ ഞാൻ പറഞ്ഞിട്ടില്ല. നിരവധി സിനിമകളിൽ സെക്കന്റ് ഹീറോയിനായി ഞാൻ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ഒരു നടി വലിയ തിരിച്ച് വരവ് നടത്തി. ആ നടിയുടെ സിനിമയിൽ ഞാൻ സപ്പോർട്ടിംഗ് റോൾ ചെയ്തിട്ടുണ്ട്.
ആ നടിയുടെ തിരിച്ച് വരവിനെ പിന്തുണയ്ക്കാൻ വേണ്ടി മാത്രമാണ് ആ കഥാപാത്രം ഞാൻ സ്വീകരിച്ചത്. പക്ഷെ ഞാൻ ലീഡായി ചെയ്യുമ്പോൾ ആ നടിയെ അതിഥി വേഷത്തിൽ വിളിച്ചു. അവർ നോ പറഞ്ഞു. ഇൻസെക്യൂരിറ്റി കാരണമാണത്. താൻ ആർട്ടിസ്റ്റെന്ന നിലയിലോ വ്യക്തിയെന്ന നിലയിലോ ഇൻസെക്യൂർ അല്ലെന്നും മംമ്ത വ്യക്തമാക്കി. ഇൻസെക്യൂർ ആക്ടേർസ് മാത്രമേ മറ്റുള്ളവരെ മാറ്റി നിർത്തൂയെന്നും മംമ്ത തുറന്നടിച്ചു. ഗലാട്ട തമിഴിനോടാണ് പ്രതികരണം.
മംമ്ത പരാമർശിച്ച നടി ആരെന്നാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയരുന്ന ചോദ്യം. മഞ്ജു വാര്യരാണോ ഇതെന്ന ചോദ്യവുമുണ്ട്. മഞ്ജുവിന്റെ ഉദാഹരണം സുജാത എന്ന സിനിമയിൽ സഹനടിയായി മംമ്ത അഭിനയിച്ചിട്ടുണ്ട്. മഞ്ജു ടൈറ്റിൽ റോളിലെത്തിയ സിനിമയായിരുന്നു ഇത്. മംമ്ത പറഞ്ഞത് പോലെ മലയാളത്തിൽ വലിയ തിരിച്ച് വരവ് നടത്തിയ നടി മഞ്ജു വാര്യരാണ്. മറ്റൊരു നടിയുടെ തിരിച്ച് വരവും ഇത്ര മാത്രം ചർച്ചയായിട്ടില്ല.
അതേസമയം മീര ജാസ്മിൻ ഒരിടവേളയ്ക്ക് ശേഷം ചെയ്ത ലേഡീസ് ആന്റ് ജെന്റിൽമാൻ എന്ന സിനിമയിൽ മംമ്ത അഭിനയിച്ചിട്ടുണ്ട്. പക്ഷെ രണ്ട് പേർക്കും തുല്യപ്രാധാന്യമുള്ള സിനിമയായിരുന്നു ഇത്. മംമ്ത പറഞ്ഞ നടി ആരെന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുകയാണ്. മഞ്ജു വാര്യരുടെ പേരോ മീര ജാസ്മിന്റെ പേരോ നടി പറഞ്ഞിട്ടില്ല.
അതേസമയം നടി നയൻതാരയിൽ നിന്നുണ്ടായ തെറ്റായ സമീപനത്തെക്കുറിച്ച് മംമ്ത അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. കുചേലൻ എന്ന തമിവ് സിനിമയിൽ തന്നെ ഗാനരംഗത്തിൽ നിന്നും ഒഴിവാക്കാൻ കാരണം നയൻതാരയാണെന്ന് പേരെടുത്ത് പറയാതെ മംമ്ത പറഞ്ഞു. സ്വന്തം കഴിവിൽ വിശ്വാസമുള്ള നടിമാർ ഇങ്ങനെ ചെയ്യില്ലെന്നും മംമ്ത പറയുന്നുണ്ട്.