ആലപ്പുഴ: കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഒരുക്കിയ സംഭവത്തിൽ യൂട്യൂബർ സഞ്ജു ടെക്കിയുടെ കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കേറ്റ് മോട്ടോർ വാഹന വകുപ്പ് ഒരു വർഷത്തേക്ക് റദ്ദാക്കി. ആലപ്പുഴ ആർ ടി ഒ എ ദീലുവാണ് നടപടിയെടുത്തത്. വാഹനം സഞ്ജു തന്നെ സൂക്ഷിക്കണം. പുറത്തിറക്കാൻ പാടിലല്ല. അറ്റകുറ്റപ്പണി വേണ്ടി വന്നാൽ നന്നാക്കുന്നതിന് എം വി ഡിയുടെ അനുമതി വാങ്ങണമെന്നും ആലപ്പുഴ ആർ ടി ഒ നിർദ്ദേശിച്ചു.
ശിക്ഷാ നടപടിയുടെ ഭാഗമായി എടപ്പാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് ആന്റ് റിസർച്ചിൽ നടത്തിയ പരിശീലനത്തിൽ സഞ്ജുവിന് ഗുഡ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ആർ സി റദ്ദാക്കുന്നത് ഒരു വർഷത്തേക്ക് ചുരുക്കിയത് എന്ന് ആർ ടി ഒ പറഞ്ഞു. ഇക്കാലയളവിൽ ഡ്രൈവറും ഉടമയും നിരീക്ഷണത്തിലായിരിക്കും.
സഞ്ജു ടെക്കിയും കാറിലുണ്ടായിരുന്ന സൃഹൃത്തുക്കളും ആലപ്പുഴ മെഡിക്കല് കോളേജ് ആശുപത്രിയിൽ സന്നദ്ധ സേവനം തുടരുകയാണ്. അപകടത്തിൽപ്പെട്ട് കഴിയുന്നവർക്ക് 15 ദിവസത്തെ സേവനമാണ് ചെയ്യേണ്ടത്. സഞ്ജുവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളും മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കും.
സഞ്ജു ടെക്കിക്കെതിരെ ആറ് വകുപ്പുകൾ പ്രകാരം ആണ് മോട്ടോർ വാഹന വകുപ്പ് കേസെടുത്തത്. അപകടരമായ ഡ്രൈവിംഗ്. സുരക്ഷിതമല്ലാത്ത വാഹനം ഓടിക്കൽ, റോഡ് സുരക്ഷ ലംഘനം തുടങ്ങിയ വകുപ്പകൾ ആണ് സഞ്ജുവിനെതിരെ ചുമത്തിയത്. സഫാരി കാറിൽ വെള്ളം നിറച്ച് സ്വിമ്മിംഗ് പൂളാക്കി റോഡിലൂടെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് പിന്നാലെയാണ് നടിപിട ഉണ്ടായത്, സംഭവം വിവാദമായതോടെ വാഹനം കൊല്ലത്തേക്ക് കടത്തിയിരുന്നു. ഇവിടെ നിന്നാണ് വാഹനം അധികൃതർ പിടിച്ചെടുത്തത്.
കാറിനുള്ളിൽ സ്വിമ്മിംഗ് പൂളാക്കി സഞ്ജു യാത്ര ചെയ്യുന്ന വീഡിയോ യൂട്യൂബിൽ പങ്കുവെച്ചിരുന്നു. വാഹനത്തിൽ സഞ്ചരിച്ച് കൊണ്ട് കുളിക്കുന്നതും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുന്നതും വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ഉണ്ടായത്. കാറിന്റെ പിൻഭാഗത്ത് പാസഞ്ചേഴ്സ് ഇരിക്കുന്ന സീറ്റ് അഴിച്ച് മാറ്റിയാണ് സ്വിമ്മിംഗ് പൂൾ തയ്യാറാക്കിയത്. ദേശീയ പാതയിലൂടെ ഉൾപ്പെടെയാണ് സഞ്ജുവും കൂട്ടുകാരും വാഹനം ഓടിച്ചത്. നിരവധി പേർ കാറിനുള്ളിലെ പൂളിൽ കുളിക്കുന്നതും വാഹനം റോഡിലൂടെ സഞ്ചരിക്കുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു,