മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയില്‍ നിന്നു മാറ്റിനിർത്തപ്പെട്ടതിന്റെ വേദന പങ്കുവെച്ച് നടിയും ഇന്‍ഫ്ലവന്‍സറുമായ അമൃത നായർ. മന്ത്രി ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നും തന്നെ ഒഴിവാക്കിയതിനെക്കുറിച്ചാണ് അമൃത നായർ തുറന്ന് പറയുന്നത്. കുടുംബവിളക്ക് എന്ന ജനപ്രിയ സീരിയലില്‍ ശീതളിലിനെ അവതരിപ്പിച്ചാണ് അമൃത നായർ മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. സ്റ്റാര്‍ മാജിക്കിലേയും പ്രധാന കഥാപാത്രമായിരുന്നു അമൃത.
താന്‍ പഠിച്ച സ്കൂള്‍ തന്നെയാണ് തന്നോട് ഇത്തരമൊരു കാര്യം ചെയ്തിരിക്കുന്നതെന്നാണ് അമൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ‘പുകഴ്താൻ കഴിഞ്ഞില്ലെങ്കിലും നാം ആരെയും ഇകഴ്ത്താൻ ശ്രമിക്കരുത്. പ്രത്യേകിച്ച് കുട്ടികൾക്ക് നന്മയും,നേരും നല്ല ശീലങ്ങളും പകർന്നു കൊടുക്കുന്ന എന്റെ വിദ്യാലയം ഈ ശതാബ്തി നിറവിൽ നിൽക്കുമ്പോള്‍’ എന്നും അമൃത കുറിക്കുന്നു. അമൃതയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ…
ബഹുമതി,പരിഗണന അതുമല്ലെങ്കിൽ നാടൻ ഭാഷയിൽ പറഞ്ഞാൽ വില നൽകുക. എപ്പോഴാണ് ഒരു വ്യക്തിക്ക് ഇതൊക്കെ ഉണ്ടാവുന്നത്.അവൻ അല്ലെങ്കിൽ അവൾ, അവരുടെ കർമ്മ പാതയിൽ വിജയിക്കുമ്പോൾ,എന്നാണ് എന്റെ വിശ്വാസം.. ഞാൻ എന്ന വ്യക്തി ഒത്തിരി ഉയരങ്ങളിൽ ഒന്നും എത്തിയിട്ടില്ല എന്നിരുന്നാലും,ഞാൻ ജോലി ചെയ്യുന്ന മേഖലയിലൂടെ കുറച്ച് പേർക്കെങ്കിലും എന്നെ അറിയാമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഒരു അഭിനേത്രി എന്ന നിലയിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സർ എന്ന നിലയിലും എന്നെ ഇഷ്ടപ്പെടുന്നവർ ആ നിലയിൽ എന്നെ അവരുടെ കൂടെ ചേർത്ത് നിർത്തുന്നുണ്ട്. പക്ഷേ,ആ ഒരു സ്നേഹവും പരിഗണനയും പോലും എന്റെ ജന്മനാട്ടിൽ നിന്നും എനിക്ക് കിട്ടിയില്ല എന്ന് ഓർക്കുമ്പോഴാണ് എനിക്കേറെ വിഷമം.
ഞാൻ പഠിച്ച എന്റെ സ്വന്തം സ്കൂളിന്റെ ശതാബ്തി ആഘോഷത്തിൽ എന്നെ അതിഥിയായി വിളിച്ചപ്പോ ശെരിക്കും എനിക്ക് സന്തോഷവും അഭിമാനവും ആണ് ഉണ്ടായത്..ആ ചടങ്ങിൽ പങ്കെടുക്കാനായി ഞാനെന്റെ എല്ലാ ആവശ്യങ്ങളും മാറ്റി വെച്ച്, എന്തിനേറെ എനിക്ക് വരുമാനം കിട്ടുന്ന എന്റെ ഷൂട്ട് വരെ ഒഴിവാക്കി,പോകാൻ കാത്തിരുന്നപ്പോഴാണ്, നിസാരമായി തലേന്ന് രാത്രി എന്നെ ആ പരിപാടിയില്‍ നിന്നും മാറ്റിയ വിവരം അവിടുത്തെ ഒരു സംഘടകൻ എന്നെ വിളിച്ചു പറയുന്നത്.
അതിനു അവർ പറഞ്ഞ കാരണമാണ് എന്നെ ഏറെ വിഷമിപ്പിച്ചത് “മന്ത്രിയുടെ കൂടെ വേദിയിൽ ഇരിക്കാനുള്ള യോഗ്യത “എനിക്കില്ലെന്നായിരുന്നു ആ കാരണം. സ്വന്തം നാട്ടിൽ പോലും പരിഗണിക്കപെടാനുള്ള ഭാഗ്യം എനിക്ക് നിഷേധിച്ച ആ നല്ല മനസ്സുകൾ ആരൊക്കെയാണെന്നും അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. ഒരു ജന പ്രതിനിധിയുടെ കൂടെ വേദിയിൽ,അതെ നാട്ടിൽ നിന്നും വളർന്ന് വരുന്ന ഒരു കലാകാരി ഇരുന്നാൽ എന്താണ് കുറച്ചിലെന്ന് എനിക്ക് മനസ്സിലാവുന്നില്ല.
എല്ലാ വിഷമങ്ങളും നെഞ്ചിൽ ഒതുക്കി മുന്നോട്ട് പോകുന്നത് തന്നെയാണ് എന്റെ ശീലം, എന്നാലും ഈ സംഭവം എല്ലാരുമായും പങ്കുവെക്കണമെന്ന് എനിക്ക് തോന്നി. കാരണം.. പുകഴ്താൻ കഴിഞ്ഞില്ലെങ്കിലും നാം ആരെയും ഇകഴ്ത്താൻ ശ്രമിക്കരുത്. പ്രത്യേകിച്ച് കുട്ടികൾക്ക് നന്മയും,നേരും നല്ല ശീലങ്ങളും പകർന്നു കൊടുക്കുന്ന എന്റെ വിദ്യാലയം ഈ ശതാബ്തി നിറവിൽ നിൽക്കുമ്പോ. കണ്ണീരോടെ, ഒഴിവാക്കപ്പെട്ട ഈ എളിയ കലാകാരിയുടെ ആശംസകൾ.