കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളായ പറവ ഫിലിംസിന്റെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ. ഹർജിക്കാർ ഒത്തുതീർപ്പിന് തയാറാകാത്തതിനാലാണ് അഭിഭാഷകന്റെ പിന്മാറ്റം എന്നാണ് റിപ്പോർട്ട്. പറവ ഫിലിംസിന്റെ ഉടമസ്ഥരായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ എന്നിവർ നൽകിയ മുൻകൂർ ജാമ്യഹരജി കോടതിയുടെ പരിഗണനയിലാണ്.
അഭിഭാഷകൻ പിന്മാറിയതിനാൽ ഇനി ജൂൺ 12നാണ് ഹർജി പരിഗണിക്കുക. നിർമ്മാതാക്കൾക്ക് വാദിക്കാൻ ഇത് അവസാന അവസരമായിരിക്കുമെന്ന് അറസ്റ്റ് സ്റ്റേ ചെയ്ത് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് നീട്ടി നൽകിക്കൊണ്ടു ജസ്റ്റിസ് സി എസ് ഡയസ് പറഞ്ഞു. മുൻകൂർ ജാമ്യഹരജി തീർപ്പാക്കാനിരിക്കെയാണ് അഭിഭാഷകൻ വക്കാലത്ത് ഒഴിയുന്നത്.
നിർമ്മാതാക്കളായ പറവ ഫിലിംസ് നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതിയാണെന്നും സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും ഹൈക്കോടതിയിൽ എറണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
22 കോടി രൂപ സിനിമയ്ക്കായി ചെലവായെന്നാണ് നിർമ്മാതാക്കളുടെ വാദം. ഇത് കള്ളമാണെന്നും 18.65 കോടി രൂപ മാത്രമാണ് നിർമ്മാണ ചെലവായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏഴ് കോടി രൂപയാണ് പരാതിക്കാരനായ സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. സിനിമയ്ക്കായി നിർമ്മാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ല. വാങ്ങിയ പണത്തിൻറെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ലെന്നും പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.\
പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ബന്ധപ്പെട്ട ബാങ്ക് രേഖകൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിൽ നിന്നുമാണ് പറവ ഫിലിംസ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. 40 ശതമാനം ലാഭവിഹിതമാണ് പരാതിക്കാരന് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ സിനിമ ബോക്ക് ബസ്റ്റർ ഹിറ്റായിട്ടും ഒരു രൂപ പോലും നൽകിയില്ല. ഇക്കാര്യം ബാങ്ക് രേഖകളിൽ നിന്ന് വ്യക്തമായി. പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഏതാണ്ട് 47 കോടിയുടെ നഷ്ടമുണ്ടായെന്നാണു സിറാജിന്റെ ആരോപണം.
സംവിധായകന്‍ ചിദംബരത്തിന്റെ ആദ്യ ചിത്രമായ ‘ജാൻ എ മൻ’ തിയറ്ററുകളിൽ 100 ദിനം പ്രദർശിപ്പിച്ചപ്പോൾ രണ്ടാം ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സ്’ 100 ദിനങ്ങൾ പിന്നിട്ട് മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായ് മാറി. 2021 നവംബർ 19ന് പുറത്തിറങ്ങിയ ‘ജാൻ എ മൻ’ലൂടെ മലയാള സിനിമ ഇന്റസ്ട്രിയിലേക്ക് ചുവട് വെച്ച സംവിധായകൻ ചിദംബരം ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയെങ്കിൽ രണ്ടാം ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ കൈപ്പിടിയിലൊതുക്കി മലയാള സിനിമയുടെ തലവരയാണ് തിരുത്തിയത്.
മലയാളത്തിലെ ആദ്യ 200 കോടി ക്ലബ്ബിലെത്തിച്ച ചിത്രം എന്ന ലേബൽ ‘മഞ്ഞുമ്മൽ ബോയ്സ്’ സ്വന്തമാക്കി. വെറും 21 ദിവസം കൊണ്ട് മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ഗ്രോസറായി മാറിയ ചിത്രവും ‘മഞ്ഞുമ്മൽ ബോയ്സ്’ തന്നെ.മലയാളത്തിലെ ഏറ്റവും വലിയ ഇന്റസ്ട്രിയൽ ഹിറ്റ് എന്ന പദവിയും ‘മഞ്ഞുമ്മൽ ബോയ്സ്’ കരസ്ഥമാക്കി. 2024 ഫെബ്രുവരി 22നാണ് ചിത്രം തിയറ്റർ റിലീസ് ചെയ്യുന്നത്.
ചിത്രം 100ആം ദിനത്തിലേക്ക് കടക്കുമ്പോൾ ആകെ മൊത്തം നേടിയത് 242 കോടി. സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പതമാക്കി ഒരുക്കിയ സിനിമ ആയതിനാൽ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിദംബരം തിരക്കഥ രചിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ സർവൈവൽ ത്രില്ലറാണ്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും തുടർന്ന് അവർ അഭിമുഖീകരിക്കുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
കൊടൈക്കനാലിലെ ഡെവിൾസ് കിച്ചൻ എന്നറിയപ്പെടുന്ന ഗുണാ കേവ്സാണ് പശ്ചാത്തലം. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിച്ചത്. യുകെയിലെ വിതരണാവകാശം ആർഎഫ്‌ടി ഫിലിംസും ഒടിടി അവകാശം ഡിസ്നി ഹോട്ട്സ്റ്റാറും സ്വന്തമാക്കി.
ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹർഷൻ, സംഗീതം&പശ്ചാത്തലസംഗീതം: സുഷിൻ ശ്യാം, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറെക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ&മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ