തൃശൂരിലെ ഞെട്ടിച്ച വിജയത്തിലൂടെ കേരളത്തില്‍ ബി ജെ പി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഒരു ലോക്സഭ സീറ്റെന്ന പതിറ്റാണ്ടുകളായിട്ടുള്ള അവരുടെ മോഹം സുരേഷ് ഗോപിയിലൂടെ പൂവണിഞ്ഞു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നടത്തിയ പ്രതികരണത്തിലും തൃശൂർ ഇടംപിടിച്ചു എന്നുള്ളത് ആ വിജയത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
പാർട്ടി വോട്ടുകള്‍ക്ക് അപ്പുറം സുരേഷ് ഗോപിയെന്ന വ്യക്തി സമാഹരിച്ച വോട്ടുകള്‍ കൂടിയാണ് ബി ജെ പിയുടെ കന്നി വിജയത്തില്‍ നിർണ്ണായകമായത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ സുരേഷ് ഗോപിയെ അഭിനന്ദിച്ചുകൊണ്ട് സിനിമാ രംഗത്ത് നിന്നും മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവർ അടക്കുള്ളവർ രംഗത്തെത്തി. എന്നാല്‍ ഇതിനിടയിലാണ് നടി നിമിഷ സജയനെതിരെ രൂക്ഷമായ സൈബർ ആക്രമണത്തിന് ഒരു വിഭാഗം ബി ജെ പി പ്രവർത്തകർ മുതിർന്നത്.
നിമിഷ സജയന്റെ ഫെയ്സ്ബുക്ക് , ഇന്‍സ്റ്റാ പേജുകളുടെ കമന്റ് ബോക്സിലാണ് വ്യാപക രീതിയില്‍ ബി ജെ പി അണികളുടെ സൈബറാക്രമണം നടക്കുന്നത്. നടിയെ പരിഹസിക്കുന്നതിനോടൊപ്പം തന്നെ വ്യക്തിപരമായ അധിക്ഷേപിക്കുന്ന പ്രതികരണങ്ങളും സൈബർ അണികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. നിമിഷയുടെ ചിത്രം ഉപയോഗിച്ചുള്ള നിരവധി ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.
സൈബർ ആക്രമണങ്ങള്‍ പരിധിവിട്ടതോടെ സമൂഹ മാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്യുന്ന കമന്റിന് നിമിഷ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് അല്ലാതെ ഇത്തരം കമന്റുകളോട് യാതൊരു വിധത്തിലുള്ള പ്രതികരണത്തിനും താരം തയ്യാറായിട്ടില്ല.
നാല് വർഷം മുമ്പ് നിമിഷ പറഞ്ഞൊരു പ്രസ്താവനയാണ് നിമിഷയ്ക്കെതിരായ ഇപ്പോഴത്തെ ആക്രമണങ്ങള്‍ക്ക് പിന്നില്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചില്‍ നടന്ന ജനാവലി റാലിയുടെ ഭാഗമായി നിമിഷ സജയനും പങ്കെടുത്തിരുന്നു. റാലിയില്‍ നിമിഷ മുദ്രാവാക്യം നടത്തിയതും ആളുകളെ അഭിസംബോധന ചെയ്തുകൊണ്ട് അന്ന് നടത്തിയ പ്രസ്താവനയൊക്കെ വലിയ രീതിയില്‍ വൈറലാവുകയും ചെയ്തിരുന്നു.
“തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മൾ കൊടുക്കുവോ? കൊടുക്കൂല്ല. നന്ദി” എന്നായിരുന്നു നിമിഷ സജയന്‍ അന്ന് പറഞ്ഞത്. ഈ പ്രസ്താവന വീണ്ടും കുത്തിപ്പൊക്കിക്കൊണ്ടാണ് നടിക്കെതിരേയുള്ള സൈബർ ആക്രമണം. വിമർശനങ്ങളും പരിഹാസങ്ങളും സ്വാഭാവികമാണെങ്കിലും അധിക്ഷേപവും തെറിവിളിയും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.