തിരുവനന്തപുരം: സംസ്ഥാനത്തെ11 നിയമസഭ മണ്ഡലങ്ങളില്‍ ഇത്തവണ ബിജെപി ഒന്നാമതെത്താനും 9 മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താനും ബിജെപിക്ക് സാധിച്ചു. തൃശൂര്‍ വിജയത്തിനപ്പുറം വരും തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനാകും വിധം നിരവധി മണ്ഡലങ്ങളില്‍ വളരാനായതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ശക്തിയായി ബിജെപി ഉയരുന്നുവെന്നാണ് ലോകസഭ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇടതു വലതു മുന്നണികളില്‍ കേന്ദ്രീകരിച്ച കേരള രാഷ്ട്രീയത്തില്‍ മൂന്നാം ബദലായി ബിജെപിയുടെ കുതിപ്പെന്നാണ് കണക്കുകൾ പറയുന്നത് . 2024 ലെ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിലും പുതിയ ധ്രൂവീകരണത്തിന് വഴി തുറക്കുകയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. താമര ചിഹ്നത്തില്‍ ഇതാദ്യമായി ലോക്സഭയിലേക്ക് ഒരംഗത്തെ ജയിപ്പിക്കാനായത് മാത്രമല്ല മിക്ക മണ്ഡലങ്ങളിലും ഇരുപത് ശതമാനത്തിനടുത്ത് വോട്ട് നേടാനും ബിജെപിക്ക് സാധിച്ചു.
വിജയത്തിനടുത്ത് വരെ എത്തിയ തിരുവനന്തപുരത്ത് 35 ശതമാനം വോട്ട് നേടി. ആറ്റിങ്ങളില്‍ 31 ഉം ആലപ്പുഴയില്‍ 28 ശതമാനവും വോട്ട് നേടാനും ബിജെപി സാധിച്ചു. പാലക്കാടും പത്തനംതിട്ടയിലും 25 ശതമാനത്തിനരികെയാണ് വോട്ടുനില. ഘടകക്ഷിയായ ബിഡിജെഎസ് മത്സരിച്ച കോട്ടയത്ത് 20 ശതമാനത്തോളം വോട്ട് നേടി. 2004 ല്‍ മുവാറ്റുപുഴയില്‍ എന്‍ഡിഎ പിന്തുണയോടെ പിസി തോമസ് ജയിച്ചതിന്‍റെയും നിയമസഭയിലേക്ക് നേമത്തു നിന്നും ഒ രാജഗോപാലിന്‍റെ വിജയത്തിന്‍റേയും തിളക്കത്തെ മറികടക്കുന്ന വിജയം നേടാന്‍ തൃശൂരിലായി.
മോദി ഫാക്ടറിന് കേരളത്തിലും സ്വാധീനമുണ്ടാക്കാനായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മാത്രമല്ല തൃശൂരിലും പത്തനംതിട്ടയിലുമടക്കം ഒരു വിഭാഗം ക്രൈസ്തവ വോട്ടുകളും നേടാനായി. ന്യൂനപക്ഷ മേഖലയിലടക്കം വോട്ട് നേടാനായത് സംസ്ഥാനത്ത് അടിത്തറ ശക്തമാക്കാനായതെന്നാണ് വിലയിരുത്തൽ.
.
തൃശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലുമടക്കം ഒമ്പത് നിയമസഭ മണ്ഡലങ്ങളിലാണ് ബിജെപി ഒന്നാമതെത്തിയത്. 8 മണ്ഡലങ്ങളില്‍ രണ്ടാമതെത്തി. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലേക്കും പിന്നീടുള്ള നിയമസഭ തെരഞ്ഞടുപ്പിലേക്കും ബിജെപിക്ക് ആത്മ വിശ്വാസം നല്‍കുന്നതാണ് ഈ കുതിപ്പ്. സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലെത്തുമെന്നാണ് പ്രവര്‍ത്തകരുടെ വിശ്വാസം. കേന്ദ്ര ഭരണവും കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിയും അടുത്ത മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് സംസ്ഥാന ബിജെപിയുടെ പ്രതീക്ഷ.