ന്യൂഡൽഹി: ജൂൺ ഒന്ന് മുതൽ രാജ്യത്തെ നിരവധി നിയമങ്ങളിൽ മാറ്റം വരും. ഈ മാറ്റങ്ങൾ നമ്മുടെ ദെെനംദിന ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് അറിഞ്ഞിരിക്കേണ്ടതാണ്. എൽപിജി സിലിണ്ടർ, ബാങ്ക് അവധി, ആധാർ അപ്‌ഡേറ്റ്, ഡ്രെെവിംഗ് ലെെസൻസുകൾ എന്നിവയിലാണ് മാറ്റങ്ങൾ ഉണ്ടാകും.
ഇന്ത്യയിൽ ഡ്രെെവിംഗ് ലെെസൻസ് നേടുന്നതിനുള്ള പുതിയ ചട്ടങ്ങൾ റോഡ് ഗതാഗത – ഹെെവേ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 2024 ജൂൺ ഒന്ന് മുതൽ വ്യക്തികൾക്ക് സർക്കാർ ആർടിഒകൾക്ക് പകരം സ്വകാര്യ കേന്ദ്രങ്ങളിൽ ഡ്രെെവിംഗ് ടെസ്റ്റ് നടത്താനാകും. ലെെസൻസ് യോഗ്യതയ്‌ക്കായി ടെസ്റ്റുകൾ നടത്താനും സർട്ടിഫിക്കറ്റുകൾ നൽകാനും ഈ കേന്ദ്രങ്ങൾക്ക് അധികാരം നൽകും.
ഏകദേശം 900,000 പഴയ സർക്കാർ വാഹനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കി വായു മലിനീകരണ കുറയ്ക്കാനും പുതിയ നിയമം ലക്ഷ്യമിടുന്നുണ്ട്. അമിത വേഗതയ്ക്ക് പിഴ 1000 രൂപ മുതൽ 2000 രൂപ വരെയാണ്. പ്രായപൂർത്തിയാകാത്ത ഒരാൾ വാഹനം ഓടിക്കുന്നത് പിടിക്കപ്പെട്ടാൽ 25,000 രൂപ പിഴ ചുമത്തും. കൂടാതെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടും. പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് പിന്നെ 25 വയസ് വരെ ലെെസൻസിന് അപേക്ഷിക്കാൻ കഴിയില്ല.
ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ജൂൺ 14 വരെ ചെയ്യാം. ഓൺലെെനായും അപ്ഡേറ്റ് ചെയ്യാം. എന്നാൽ ഓഫ്‌ലെെനായി ചെയ്യാൻ 50 രൂപ നൽകേണ്ടിവരും.
എല്ലാ മാസവും ഒന്നാം തീയതിയാണ് എൽപിജി സിലിണ്ടറിന്റെ പുതുക്കിയ വില പുറത്തുവിടുന്നത്. ജൂൺ ഒന്നിന് ഗ്യാസ് സിലിണ്ടറിന്റെ പുതിയ വില നിശ്ചയിക്കും. മേയ് മാസം സിലിണ്ടറിന്റെ വില കുറച്ചിരുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറപ്പെടുവിച്ച ബാങ്ക് അവധികളുടെ പട്ടിക പ്രകാരം ജൂൺ മാസത്തിൽ 10 ദിവസം ബാങ്കുകൾ അടച്ചിടും. ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഇതിൽ ഉൾപ്പെടുന്നു. രാജ സംക്രാന്തിയും ഈദ്-ഉൽ-അദ്ഹയും ഉൾപ്പെടെയുള്ള ജൂണിലെ മറ്റ് ദിവസങ്ങളിലുള്ള അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ ബാങ്കിൽ പോകുന്നതിന് മുൻപ് അവധി ദിവസങ്ങൾ ശ്രദ്ധിക്കുക.