കോട്ടയം : വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും 15,01,530 (പതിനഞ്ചു ലക്ഷത്തി ആയിരത്തി അഞ്ഞൂറ്റി മുപ്പത്) രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ വാളകം പുന്നയ്ക്കൽ ഭാഗത്ത് പാപ്പാലിൽ വീട്ടിൽ ഷാൻ വർഗീസ് (32) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ 2023 നവംബർ മാസം മുതൽ പലതവണകളിലായി കിടങ്ങൂർ സ്വദേശിനിയായ യുവതിയിൽ നിന്നും വിദേശരാജ്യമായ ഹംഗറിയിൽ നഴ്സിംഗ് അസിസ്റ്റന്റ് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അക്കൗണ്ടിൽ നിന്നും പലതവണകളിലായി 5 ലക്ഷത്തോളം രൂപ വാങ്ങിയെടുക്കുകയും
ഇതു കൂടാതെ വിദേശത്ത് ജോലിക്ക് പോകുന്നതിനുവേണ്ടി യുവതിയുടെ അക്കൗണ്ടിൽ 10 ലക്ഷം രൂപയുടെ നിക്ഷേപം കാണിക്കണമെന്നും, തുകയെഴുതാതെ ഒപ്പിട്ട രണ്ട് ബ്ലാങ്ക് ചെക്കുകൾ തരണമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് ചെക്ക് വാങ്ങുകയും, തുടർന്ന് ഈ ചെക്ക് വഴി അക്കൗണ്ടിൽ നിന്ന് 10 ലക്ഷം രൂപ പിൻവലിക്കുകയും ചെയ്തു.
യുവതി താൻ കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയുമായിരുന്നു.
കിടങ്ങൂർ സ്റ്റേഷൻ എസ്.ഐ സൗമ്യൻ വി.എസ്, സി.പി.ഓ മാരായ സന്തോഷ് കെ.കെ, സനീഷ് പി.എസ്, ജിതീഷ് പി.എസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.