കൊല്‍ക്കത്ത: താനൊരു ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്നുവെന്ന് ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ്. കല്‍ക്കട്ട ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന അദ്ദേഹം തിങ്കളാഴ്ച നടത്തിയ വിരമിക്കല്‍ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഘടനയില്‍ വീണ്ടും പ്രവര്‍ത്തിക്കാന്‍ താന്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ജഡ്ജിമാരുടേയും ബാര്‍ അംഗങ്ങളുടേയും സാന്നിധ്യത്തിലായിരുന്നു പ്രസംഗം.
‘കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് അപ്രിയമുണ്ടാകാം. എങ്കിലും,ഞാന്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍എസ്.എസ്) പ്രവര്‍ത്തകനായിരുന്നുവെന്ന് തുറന്നുപറയുകയാണ്. ചെറുപ്പം മുതല്‍ യൗവനകാലത്തോളം ഞാന്‍ സംഘടനയിലുണ്ടായിരുന്നു. ധൈര്യശാലിയും നേരുള്ളവനും എല്ലാവരോടും തുല്യവീക്ഷണമുള്ളവനും എല്ലാത്തിലുമുപരിയായി രാജ്യസ്‌നേഹിയും ജോലിയോട് പ്രതിബദ്ധതയുള്ളവനുമെല്ലാമാകാന്‍ ഞാന്‍ പഠിച്ചത് സംഘടനയില്‍ നിന്നാണ്. അതുകൊണ്ടുതന്നെ ആ സംഘടനയോട് ഞാന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു ‘ -അദ്ദേഹം പറഞ്ഞു.
‘അവര്‍ എന്തെങ്കിലും സഹായത്തിനോ എന്നാല്‍ സാധ്യമാകുന്ന പ്രവര്‍ത്തനത്തിനോ എന്നെ ക്ഷണിക്കുകയാണെങ്കില്‍ അതിലേക്ക് തിരികെ പോകാന്‍ ഞാന്‍ തയ്യാറാണ്. എന്റെ ജീവിതത്തില്‍ തെറ്റൊന്നും ചെയ്യാത്തതിനാല്‍ ഞാന്‍ ആ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് പറയാനുള്ള ധൈര്യം എനിക്കുണ്ട്, കാരണം ആ സംഘടനയും എപ്പോഴും ശരിയുടെ ഭാഗത്താണ്. ഞാനൊരു നല്ല മനുഷ്യനായതിനാല്‍ ഒരിക്കലുമൊരു മോശം സംഘടനയുടെ ഭാഗമാകാന്‍ സാധിക്കില്ല.’ -അദ്ദേഹം തുടര്‍ന്നു.
ജോലിയില്‍ പ്രവേശിച്ചശേഷം 37 കൊല്ലം ആര്‍.എസ്.എസ്സില്‍ നിന്ന് വിട്ടുനിന്നതായും അദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തില്‍ ഒരു പുരോഗതിക്കും താന്‍ ആര്‍.എസ്.എസ്സിനെ ഉപയോഗിച്ചിട്ടില്ല. അങ്ങനെ ചെയ്യുന്നത് സംഘടനയുടെ തത്വങ്ങള്‍ക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവനാകട്ടെ പണക്കാരനാകട്ടെ, കമ്യൂണിസ്റ്റുകാരനോ കോണ്‍ഗ്രസുകാരനോ തൃണമൂലുകാരനോ ബി.ജെ.പിക്കാരനോ ആകട്ടെ, താന്‍ എല്ലാവരോടും ഒരേപോലെയാണ് പെരുമാറിയതെന്നും ജസ്റ്റിസ് ചിത്തരഞ്ജന്‍ കൂട്ടിച്ചേര്‍ത്തു. 2022 ജൂണ്‍ 20-നാണ് അദ്ദേഹം കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് സ്ഥലം മാറിയെത്തിയത്.