ന്യൂഡല്‍ഹി: സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാര്‍ എങ്ങനെ കാണപ്പെടുന്നുവെന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വംശീയ പരാമര്‍ശം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് രാജി. സാം പിത്രോഡയുടെ രാജി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അംഗീകരിച്ചതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു.
സാം പിത്രോഡ സ്വന്തം ഇഷ്ടപ്രകാരം ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിക്കുകയായിരുന്നു എന്നും എ ഐ സി സി അധ്യക്ഷന്‍ അദ്ദേഹത്തിന്റെ തീരുമാനം അംഗീകരിച്ചു എന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. സാം പിത്രോഡയുടെ പരാമര്‍ശം നടന്ന് കൊണ്ടിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജി. കിഴക്കന്‍ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ ചൈനക്കാരോട് സാമ്യമുള്ളവരാണെന്നും ദക്ഷിണേന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെപ്പോലെയാണെന്നുമായിരുന്നു പിത്രോഡയുടെ വിവാദ പരാമര്‍ശം. എന്നാല്‍ പിത്രോഡയുടെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് ഉടന്‍ തന്നെ തള്ളിയിരുന്നു. ഇത്തരം പ്രസ്താവനകള്‍ അംഗീകരിക്കാന്‍ കഴിയില്ല എന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു.
ഇന്ത്യ പോലെ വൈവിധ്യമാര്‍ന്ന ഒരു രാജ്യത്തെ നമുക്ക് ഒരുമിച്ച് നിര്‍ത്താന്‍ കഴിയും. കിഴക്ക് ആളുകള്‍ ചൈനക്കാരെ പോലെ, പടിഞ്ഞാറ് ആളുകള്‍ അറബ് പോലെ, വടക്ക് ആളുകള്‍ വെളുത്തവരെ പോലെ, തെക്ക് ആളുകള്‍ ആഫ്രിക്കക്കാരെ പോലെ കാണപ്പെടുന്നു. അതില്‍ കാര്യമില്ല. ഞങ്ങള്‍ എല്ലാവരും സഹോദരീസഹോദരന്മാരാണ്,’ എന്നായിരുന്നു ദി സ്റ്റേറ്റ്‌സ്മാനുമായുള്ള അഭിമുഖത്തില്‍ പിത്രോഡ പറഞ്ഞത്.
ഇപ്പോള്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ സാം പിത്രോഡ രാജീവ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഉപദേശകനായിരുന്നു. 2004-ലെ തെരഞ്ഞെടുപ്പില്‍ യുപിഎയുടെ വിജയത്തിനുശേഷം, സാം പിത്രോഡയെ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ നാഷണല്‍ നോളജ് കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ തലവനായി നിയമിച്ചു. 2009-ല്‍ അദ്ദേഹം മന്‍മോഹന്‍ സിംഗിന്റെ പൊതു വിവര ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഉപദേശകനായി.
നാനാത്വത്തില്‍ ഏകത്വം എന്ന വിഷയത്തെ സൂചിപ്പിക്കാന്‍ സാം പിത്രോഡ പറഞ്ഞ സാമ്യം അസ്വീകാര്യവും ദൗര്‍ഭാഗ്യകരവും തീര്‍ത്തും തെറ്റാണെന്നും ജയറാം രമേശ് പറഞ്ഞു. ‘ഇന്ത്യയുടെ വൈവിധ്യത്തെ ചിത്രീകരിക്കുന്നതിനായി സാം പിത്രോഡ ചൂണ്ടിക്കാട്ടിയ സാമ്യങ്ങള്‍ ഏറ്റവും ദൗര്‍ഭാഗ്യകരവും അസ്വീകാര്യവുമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇതില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുന്നു,’ എന്നായിരുന്നു ജയറാം രമേശ് പറഞ്ഞത്.