തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ ഡ്രൈവിംഗ് പരിഷ്‌കാരങ്ങള്‍ക്കെതിരെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും നടത്തുന്ന പ്രതിഷേധത്തില്‍ നാലാംദിവസവും ഡ്രൈവിങ് ടെസ്റ്റ് തടസ്സപ്പെട്ട പശ്ചാത്തലത്തില്‍ ടെസ്റ്റിന് പോലീസ് സംരക്ഷണം തേടാന്‍ തീരുമാനിച്ചു. ഡ്രൈവിങ് സ്‌കൂളുകാര്‍ വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും ആരെങ്കിലും വാഹനവുമായി എത്തിയാല്‍ ടെസ്റ്റ് നടത്താനാണ് തീരുമാനം. അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പ്രമോജ് ശങ്കറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് സി.ഐ.ടി.യു. യൂണിയന്‍ സമരത്തില്‍നിന്ന് പിന്മാറിയിരുന്നു.
അതേസമയം, ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്സ് സമിതി, ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്സ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ എന്നിവ പണിമുടക്ക് തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അനുകൂല സംഘടനകളും സി.ഐ.ടി.യു.വിലെ ചില അംഗങ്ങളും സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്. ടെസ്റ്റിങ് ഗ്രൗണ്ടുകള്‍ കൈയടക്കിയും ടെസ്റ്റില്‍ പങ്കെടുക്കാതെയും അവര്‍ പ്രതിഷേധം കനപ്പിച്ചപ്പോള്‍ തിങ്കളാഴ്ച ഡ്രൈവിങ് ടെസ്റ്റ് പൂര്‍ണമായും തടസ്സപ്പെട്ടു.
ആക്ഷേപത്തിന് ഇടയാക്കിയ സര്‍ക്കുലറിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് മൂന്നുമുതല്‍ ആറുമാസംവരെ സാവകാശം നല്‍കിയതിനാല്‍ ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ആദ്യ സര്‍ക്കുലര്‍ മരവിപ്പിച്ച് ഇളവ് നല്‍കിയെന്ന് ഗതാഗതവകുപ്പ് അവകാശപ്പെടുമ്പോഴും റോഡ് ടെസ്റ്റ് കടുപ്പിച്ചതില്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ക്കുള്ള അതൃപ്തിയും പണിമുടക്കിന് ഇടയാക്കിയിട്ടുണ്ട്. പ്രതിദിന ടെസ്റ്റുകള്‍ 30-ല്‍നിന്ന് 40 ആയി ഉയര്‍ത്തിയെങ്കിലും അതുപോരെന്ന നിലപാടിലാണ് ഡ്രൈവിങ് സ്‌കൂളുകാര്‍.
കാലുപയോഗിച്ച് ഗിയര്‍മാറ്റുന്ന വാഹനങ്ങള്‍ മാത്രമാകും ടുവീലര്‍ (വിത്ത് ഗിയര്‍) ടെസ്റ്റിന് അനുവദിക്കുക. ഫെബ്രുവരിയിലെ ആദ്യ സര്‍ക്കുലറിലുള്ള ഈ നിര്‍ദേശം പിന്‍വലിച്ചിട്ടില്ല. എം 80 പോലുള്ള നിര്‍മാണം നിര്‍ത്തിയ വാഹനങ്ങള്‍ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്നത് തടയുന്നതാണ് ഈ നിര്‍ദേശം. ഡ്രൈവിങ് സ്‌കൂളുകാര്‍ ഈ നിര്‍ദേശത്തെയും എതിര്‍ക്കുന്നുണ്ട്.
ഇരട്ട നിയന്ത്രണ സംവിധാനമുള്ള വാഹനങ്ങള്‍ ഡ്രൈവിങ് ടെസ്റ്റിന് ഒഴിവാക്കുന്നതു വഴിയുണ്ടാകാനിടയുള്ള സുരക്ഷാപ്രശ്‌നം വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സംഘടനകള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറെ അറിയിച്ചു. മതിയായ പ്രാവീണ്യമില്ലാതെയാണ് പലരും ഡ്രൈവിങ് ടെസ്റ്റിനെത്തുന്നത്. ഇരട്ട ക്ലച്ച്, ബ്രേക്ക് പെഡലുകളുള്ള വാഹനങ്ങളുടെ നിയന്ത്രണം അപകടകരമായ സാഹചര്യങ്ങളില്‍ ഉദ്യോഗസ്ഥന് ഏറ്റെടുക്കാനാകും. ഈ സംവിധാനം ഒഴിവാക്കുന്നതിലാണ് ആശങ്ക.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണ നിര്‍ദേശങ്ങളില്‍ മൂന്നുമുതല്‍ ആറുമാസത്തേക്ക് ഇളവുനല്‍കിയെങ്കിലും തിങ്കളാഴ്ച പ്രതിഷേധത്തിന് ഇടയാക്കിയത് റോഡ് ടെസ്റ്റ് കടുപ്പിച്ച തീരുമാനം. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരുമായും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പരിഷ്‌കരണം തത്കാലം നിര്‍ത്തിവെക്കാന്‍ വെള്ളിയാഴ്ച തീരുമാനിച്ചത്. പുതിയ നിര്‍ദേശങ്ങള്‍ മരവിപ്പിച്ചതിനൊപ്പം ഡ്രൈവിങ് ടെസ്റ്റില്‍ കാതലായ മാറ്റവും വരുത്തിയിരുന്നു. കാറുകള്‍ ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ആദ്യം ‘എച്ച്’ ടെസ്റ്റാണ് നടത്തിയിരുന്നത്.
ഇതിനുപകരം കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് റോഡ് ടെസ്റ്റ് ആദ്യം നടത്താന്‍ തീരുമാനിച്ചു. റോഡിലെ തിരക്കില്‍ ഗതാഗതനിയമങ്ങള്‍ പൂര്‍ണമായും പാലിച്ച് വാഹനം ഓടിക്കേണ്ടിവരും. റിയര്‍വ്യൂ മിററുകള്‍, സിഗ്‌നലുകള്‍ എന്നിവയെല്ലാം കൃത്യമായി ഉപയോഗിക്കണം. 30-ന് ഈ രീതിയിലെ ടെസ്റ്റ് തിരുവനന്തപുരം മുട്ടത്തറയില്‍ നടത്തിയപ്പോള്‍ 98 പേര്‍ പങ്കെടുത്തതില്‍ 18 പേര്‍ മാത്രമാണ് വിജയിച്ചത്. ഏറെക്കാലമായി റോഡ് ടെസ്റ്റ് നടത്തിപ്പില്‍ കാര്യമായ പിഴവുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഡ്രൈവിങ് മികവ് പരിശോധിക്കണമെങ്കില്‍ കുറഞ്ഞത് 10-12 മിനിറ്റ് വാഹനം ഓടിക്കേണ്ടതുണ്ട്. എന്നാല്‍, ഒന്നോ രണ്ടോ മിനിറ്റിനുള്ളില്‍ നാല് ഗിയറുകള്‍ മാറി ഓടിക്കുന്നവര്‍ക്ക് ലൈസന്‍സ് നല്‍കുന്ന രീതിയായിരുന്നു ഇതുവരെ. നിരപ്പായ റോഡില്‍ 500 മീറ്റര്‍ ഓടിക്കുന്നതിനുമുമ്പ് പാസാക്കും. ഇങ്ങനെ ദിവസം നൂറിലധികം പേര്‍ക്ക് ലൈസന്‍സ് നല്‍കിയ 15 ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതലനടപടി ആരംഭിച്ചിട്ടുണ്ട്. ഇതിനു തുടര്‍ച്ചയായാണ് റോഡ് ടെസ്റ്റ് കടുപ്പിക്കാന്‍ തീരുമാനിച്ചത്.