ലോക റെക്കോഡ് ലക്ഷ്യമാക്കി ചെന്നൈയില്‍ സംഘടിപ്പിച്ച നൃത്ത പരിപാടിയിൽ നിന്ന് അവസാന നിമിഷം പിന്മാറി പ്രഭുദേവ. പിന്നാലെ നടനും കൊറിയോഗ്രഫറുമായ പ്രഭുദേവയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലൂടെ നടക്കുന്നത്.
പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുക്കാൻ എത്തിയിരുന്നു. പ്രഭുദേവയെ പ്രതീക്ഷിച്ചു കടുത്ത ചൂടിൽ മണിക്കൂറുകളോളം നിന്ന കുട്ടികളിൽ പലരും ബോധരഹിതരായി. വിഷയം ആളിക്കത്തിയതോടെ പ്രഭുദേവ സംഭവത്തില്‍ മാപ്പ് ചോദിച്ച് സോഷ്യല്‍ മീഡിയയിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
തുടര്‍ച്ചയായി 100 മണിക്കൂര്‍ പ്രഭുദേവ ഗാനങ്ങള്‍ക്ക് ഡാന്‍സ് കളിക്കുന്ന ഒരു പരിപാടിയാണ് മെയ് 2ന് ചെന്നൈയില്‍ സംഘടിപ്പിച്ചിരുന്നത്. ആയിരക്കണക്കിന് കുട്ടികള്‍ അടക്കം നിരവധി ഡാന്‍സര്‍മാരാണ് പരിപാടിയിൽ പങ്കെടുക്കാൻ ചൂടിനെ അവഗണിച്ചെത്തിയത്. ചെന്നൈയിലെ രാജരത്നം സ്റ്റേഡിയത്തിലായിരുന്നു പരിപാടി.
രാവിലെ മുതല്‍ തന്നെ റജിസ്ട്രര്‍ ചെയ്ത കുട്ടികളെ ക്യൂവായി സ്റ്റേഡിയത്തില്‍ പരിപാടി തുടങ്ങുന്നതിനായി സംഘാടകര്‍ നിര്‍ത്തി. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രഭുദേവ എത്താന്‍ വൈകി. ഇതോടെ ചില കുട്ടികള്‍ കഠിനമായ വെയിലില്‍ തളര്‍ന്നു വീണു. ഇതോടെ മാതാപിതാക്കളും കുട്ടികളും രോഷത്തിലായി.
സംഘാടകരോട് ചില രക്ഷിതാക്കള്‍ തട്ടിക്കയറുകയും പ്രഭുദേവയെ ചീത്ത വിളിക്കുകയും ചെയ്തു.അതേ സമയം ഹൈദരാബാദില്‍ ഒരു ഷൂട്ടിലായിരുന്ന പ്രഭുദേവ അവസാന നിമിഷമാണ് പരിപാടിയിൽ നിന്ന് പിന്മാറിയത്. ഇതോടെ വലിയ പ്രശ്നമാണ് ഉടലെടുത്തത്.