ന്യൂഡല്‍ഹി: അനില്‍ ആന്റണിക്കെതിരേ ഉന്നയിച്ച ആരോപണത്തിന്റെ തെളിവുകള്‍ എന്ന് അവകാശപ്പെട്ട് പത്രസമ്മേളനത്തില്‍ രേഖകള്‍ പുറത്തുവിട്ട് വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാര്‍. ആലപ്പുഴയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനെതിരേയും അദ്ദേഹം ആരോപണം ഉന്നയിച്ചു.
അനില്‍ ആന്റണിയ്ക്കെതിരായ ആരോപണത്തില്‍ ചില ചിത്രങ്ങളും നന്ദകുമാറിനെ അനില്‍ ആന്റണി വിളിച്ചെന്ന് അവകാശപ്പെടുന്ന ഫോണ്‍ നമ്പറുകളുമാണ് പുറത്തുവിട്ടത്.
ശോഭ സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ വാങ്ങിയെന്നും നന്ദകുമാര്‍ ആരോപിച്ചു. ശോഭയ്ക്ക് പത്ത് ലക്ഷം രൂപ നല്‍കിയതിന്റെ രേഖയെന്ന് അവകാശപ്പെട്ട് ഒരു ബാങ്ക് രസീതും നന്ദകുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടി. തൃശൂരില്‍ സ്ഥലം വാങ്ങാനാണ് ശോഭയ്ക്ക് പണം നല്‍കിയതെന്നും നന്ദകുമാര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നന്ദകുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അനില്‍ ആന്റണിയെ കാണാന്‍ ചെന്നപ്പോള്‍ പി.ജെ. തോമസ്, ആന്‍ഡ്രൂസ് ആന്റണി എന്നിവര്‍ ഒപ്പമുണ്ടായിരുന്നുവെന്ന് നന്ദകുമാര്‍ പറഞ്ഞു. ഇവര്‍ ഒരു സിന്‍ഡിക്കേറ്റാണെന്ന് ആരോപിച്ച നന്ദകുമാര്‍, ആന്‍ഡ്രൂസ് ആന്‍ണി തനിക്ക് നല്‍കിയ വിസിറ്റിങ് കാര്‍ഡിന്റെ കോപ്പിയെന്ന് അവകാശപ്പെട്ട രേഖയും പുറത്തുവിട്ടു. ‘അനില്‍ ആന്റണി തന്നെ നിരന്തരമായി വിളിച്ച രണ്ട് ഫോണ്‍ നമ്പറുകളും സത്യവാങ്മൂലത്തില്‍ നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ അശോക ഹോട്ടലില്‍ അന്ന് കാണാന്‍ വന്നത് DL-02-CBB-4262 നമ്പറിലുള്ള ബ്രൗണ്‍ നിറത്തിലുള്ള 2012 മോഡല്‍ ഹോണ്ട സിറ്റി കാറിലാണ്. ഇതും സത്യവാങ്മൂലത്തിലുണ്ട്. അന്നത്തെ തന്റെ ഡ്രൈവര്‍ തന്റെ മൊബൈല്‍ഫോണില്‍ ദൃശ്യങ്ങള്‍ എടുത്തിട്ടുണ്ട്’, നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ വിഗ്രഹം മോഷ്ടിച്ചുവെന്ന് ആരോപിക്കുകയും തന്നെ കാട്ടുകള്ളനെന്നുവിളിക്കുകയും ചെയ്തതില്‍ അനില്‍ ആന്റണിക്കും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരേയും മാനനഷ്ടത്തിന് ക്രിമിനല്‍ കേസ് കൊടുത്തിട്ടുണ്ടെന്നും നന്ദകുമാര്‍ പറഞ്ഞു. തനിക്കെതിരെ നിയമനടപടിയെടുക്കുമെന്ന് അനില്‍ ആന്റണി പറഞ്ഞിട്ടുണ്ട്. അദ്ദേഹം അതുമായി മുന്നോട്ട് പോകട്ടെയെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു. അനില്‍ ആന്റണിക്കൊപ്പമുള്ള സിന്‍ഡിക്കേറ്റ് ഇപ്പോള്‍ എന്‍.ഡി.എയ്‌ക്കൊപ്പമാണ്. തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ ഈ സിന്‍ഡിക്കേറ്റ് ഇന്ത്യ മുന്നണിയ്‌ക്കൊപ്പം പോകുമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞാണ് ശോഭ സുരേന്ദ്രന്‍ സമീപിച്ചത്. പണം കടം വേണമെന്ന് പറഞ്ഞപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞു. തൃശൂരില്‍ സ്വന്തം പേരിലുള്ള സ്ഥലം ഈടായി തരാമെന്ന് പറഞ്ഞു. അതിന്റെ രേഖ തന്നാണ് പത്ത് ലക്ഷം രൂപ മുന്‍കൂറായി വേണമെന്ന് ആവശ്യപ്പെട്ടത്. അബദ്ധം പറ്റാതിരിക്കാന്‍ ഡല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റ് ശാഖയിലൂടെ ചെക്ക് വഴിയാണ് പണം നല്‍കിയത്.
2023 ജനുവരി നാലിനാണ് പണം നല്‍കിയത്. കരാറെഴുതിയല്ല പണം നല്‍കിയത്. ശോഭ സുരേന്ദ്രന്റെ ചിത്രമുള്ള ആധാരം ഉള്‍പ്പെടെ സ്ഥലത്തിന്റെ എല്ലാ രേഖകളുടേയും പകര്‍പ്പ് തനിക്ക് നല്‍കി. പിന്നീട് ആ ഭൂമി കാണാനായി താനവിടെ ചെന്നപ്പോള്‍ മറ്റ് രണ്ടുപേരോട് കൂടി ഇതേ ഭൂമി കൊടുക്കാമെന്ന് പറഞ്ഞ് നീക്കുപോക്ക് നടത്തിയെന്ന് അറിഞ്ഞു. അന്നുതൊട്ട് പണം തിരിച്ചുതരാന്‍ പലതവണ പറഞ്ഞെങ്കിലും പിന്നീട് ഇന്നുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു.