തിരുവനന്തപുരം: നവകേരള ബസ് കെ.എസ്.ആർ.ടി.സി ബസാക്കി സർവീസ് നടത്താൻ തീരുമാനമായി. ഇതിനായി കോൺട്രാക്ട് ഗാരേജ് പെർമിറ്റിൽനിന്ന് സ്റ്റേജ് കാരിയേജ് പെർമിറ്റ് എന്നതിലേക്ക് മാറ്റി. ടിക്കറ്റ് കൊടുത്ത് ആളുകൾക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ബസുകൾക്ക് നൽകുന്ന പെർമിറ്റാണ് ഇത്. കോഴിക്കോട്- ബെംഗളൂരു റൂട്ടിൽ സർവീസ് നടത്താനാണ് തീരുമാനം
തിരഞ്ഞെടുപ്പു കഴിഞ്ഞ ശേഷമാകും സർവീസ്. ടിക്കറ്റ് നിരക്ക് തീരുമാനിച്ചിട്ടില്ല.നവകേരള സദസിന്റെ ഭാഗമായി 1.15കോടി മുടക്കിയാണ് മുഖ്യമന്ത്രിയും മന്ത്രിമാർക്കും വിവിധവേദികളിലേക്ക് സഞ്ചരിക്കാൻ ബസ് വാങ്ങിയത്. ഭാരത് ബെൻസിന്റെ ഈ ബസ് പിന്നീട് നവകേരള സദസിന് ശേഷം പുതുക്കി പണിയുന്നതിനായി ബെംഗളൂരുവിലെ വർക്ക്ഷോപ്പിലേക്ക് മാറ്റിയിരുന്നു. കെ.എസ്.ആർ.ടി.സിയുടെ ടൂറിസം ആവശ്യങ്ങൾക്കായി മാറ്റംവരുത്തുന്നതിന്വേണ്ടിയായിരുന്നു ക്രമീകരണം.
എന്നാൽ മാസങ്ങളോളം വർക്ക്ഷോപ്പിൽ കിടന്ന വാഹനം പിന്നീട് കെ.എസ്.ആർ.ടി.സിയുടെ പാപ്പനംകോട്ടെ വർക്ഷോപ്പിലേക്ക് മാറ്റിയിരുന്നു. എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തിൽ തീരുമാനം ആകാതെ ഒരുമാസമായി ഇവിടെ കിടന്ന വാഹനത്തിനാണ് ശാപമോക്ഷമാകുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ചിരുന്ന സീറ്റുകൾ മാറ്റി പുഷ്ബാക്ക് സീറ്റാക്കിയിട്ടുണ്ട്. ടോയ്ലറ്റ് സൗകര്യവും ലിഫ്റ്റ് സംവിധാനവും നിലനിർത്തി. ടിവിയും മ്യൂസിക് സിസ്റ്റവുമുണ്ട്. ചെറിയ അടുക്കള സംവിധാനവും എ.സി ബസിലുണ്ട്. ലഗേജ് വയ്ക്കാനായി സ്ഥലസൗകര്യം ഏർപ്പെടുത്തി. ബസിന്റെ നിറവും പുറത്തെ ഗ്രാഫിക്സും മാറ്റിയിട്ടില്ല.