ബെംഗളൂരു: ഓണ്‍ലൈനിലൂടെ 14 ലക്ഷത്തോളം രൂപയുടെ തട്ടിപ്പിനിരയായി യുവ അഭിഭാഷക. മുംബൈ സൈബര്‍ ക്രൈം വിഭാഗത്തില്‍ നിന്നുള്ളവരെന്നവകാശപ്പെട്ട സംഘത്തിന്റെ പണത്തട്ടിപ്പിനിരയായതുകൂടാതെ നാര്‍ക്കോട്ടിക് പരിശോധനയെന്ന പേരില്‍ വിവസ്ത്രയാക്കി യുവതിയുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ പത്തുലക്ഷം രൂപ കൂടി നല്‍കണമെന്ന് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടതോടെയാണ് ബെംഗളൂരുവില്‍നിന്നുള്ള 29-കാരിയായ അഭിഭാഷക പരാതിയുമായി പോലീസിനെ സമീപിച്ചത്. രണ്ട് ദിവസത്തോളം യുവതിയെ ക്യാമറയിലൂടേയും മൈക്രോഫോണിലൂടേയും ‘ബന്ദി’യാക്കിയായാണ് ഇരുപത്തൊമ്പതുകാരിയെ തട്ടിപ്പിനിരയാക്കിയത്.
ഏപ്രില്‍ മൂന്നിന് ഫെഡ്എക്‌സില്‍ (FedEx) നിന്നാണെന്ന് പരിചയപ്പെടുത്തി ഒരു ഫോണ്‍ കോള്‍ തേടിയെത്തിയതോടെയാണ് തന്റെ ‘അഗ്നിപരീക്ഷ’ ആരംഭിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ പേരിലുള്ള പാഴ്‌സല്‍ മടങ്ങിയതായും മുംബൈയില്‍നിന്ന് തായ്‌ലന്‍ഡിലേക്കുള്ള പാഴ്‌സലില്‍ അഞ്ച് പാസ്‌പോര്‍ട്ടുകളും മൂന്ന് ക്രെഡിറ്റ് കാര്‍ഡുകളും 140 നിരോധിത എംഡിഎംഎ ഗുളികകളും ഗുളികകളും ഉണ്ടെന്ന് വിളിച്ചയാള്‍ അറിയിച്ചു. ആ പാഴ്‌സലുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് യുവതി പറഞ്ഞതോടെ പരാതി നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മുംബൈയിലെ സൈബര്‍ ക്രൈം സംഘവുമായി ബന്ധപ്പെടാമെന്ന് ഫെഡ്എക്‌സ് ജീവനക്കാരന്‍ പറഞ്ഞു. യുവതി സമ്മതിച്ചതോടെ സൈബര്‍ ക്രൈം ഉദ്യോഗസ്ഥന് കോള്‍ കൈമാറുകയും ചെയ്തു.
ഫോണില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അഭിഭാഷകയോട് സ്‌കൈപ് (Skipe) ഡൗണ്‍ലോഡ് ചെയ്യാനാവശ്യപ്പെടുകയും തുടര്‍ന്ന് ആ ആപ്പിലൂടെ ബന്ധപ്പെടുകയും ചെയ്തു. യുവതിയുടെ പേരിലുള്ള പാഴ്‌സലിനെക്കുറിച്ച് ചോദിച്ച ഉദ്യോഗസ്ഥന്‍ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. യുവതിയുടെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുമായി പരിശോധിക്കുന്നതായി ഭാവിച്ച ശേഷം മനുഷ്യക്കടത്തിനും മയക്കുമരുന്നുകടത്തിനും വേണ്ടി ഉപയോഗിക്കാന്‍ സാധ്യതയുള്ള ആധാര്‍ കാര്‍ഡാണ് യുവതിയുടേതെന്ന് അറിയിച്ചു. തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനായ അഭിഷേക് ചൗഹാന് കോള്‍ കൈമാറി. അഭിഷേക് ചൗഹാന്‍ യുവതിയോട് ക്യാമറ ഓണ്‍ ചെയ്യാനാവശ്യപ്പെട്ടു. യുവതിയുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട്, മാസവരുമാനം, നിക്ഷേപം തുടങ്ങി എല്ലാ വിവരങ്ങളും കുറിച്ചെടുത്തതായി പരാതിയില്‍ പറയുന്നു.
അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇതുമായി ബന്ധപ്പെട്ടുള്ള യാതൊരു വിവരവും പുറത്തുപറയില്ലെന്ന് യുവതിയെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു. കുടുംബാംഗങ്ങളോടോ പോലീസിനോടോ പറയുന്നത് യുവതിയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ ബാങ്കുമായി ബന്ധപ്പെട്ടുള്ള വ്യക്തി നടത്തുന്ന തട്ടിപ്പാണിതെന്നും ഇതില്‍ പോലീസും രാഷ്ട്രീയനേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അയാള്‍ യുവതിയെ വിശ്വസിപ്പിച്ചു. മറ്റാരെങ്കിലുമായി ഫോണില്‍ സംസാരിക്കുകയോ മെസേജയക്കുകയോ ചെയ്യുന്നുണ്ടെന്ന് നിരീക്ഷിക്കുന്നതിനായി ക്യാമറ മുഴുവന്‍ സമയവും ഓണ്‍ ചെയ്ത് വെക്കാന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുകയും ചെയ്തു. ബുധനാഴ്ച രാത്രിയിലും ക്യാമറ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ യുവതിയ്ക്ക് നിര്‍ദേശം ലഭിച്ചു.
അടുത്ത ദിവസം പണമിടപാടുകളിലെ നിയമസാധുത പരിശോധിക്കാനായി അക്കൗണ്ടിലുള്ള പണം മുഴുവന്‍ ഒരു ഡമ്മി അക്കൗണ്ടിലേക്ക് മാറ്റാന്‍ യുവതിയോട് ആവശ്യപ്പെട്ടു. അക്കൗണ്ടിലുണ്ടായിരുന്ന 10.79 ലക്ഷം രൂപ യുവതി ഡമ്മി അക്കൗണ്ടിലേക്ക് മാറ്റി. തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡുകളുടെ ഇടപാടുകള്‍ പരിശോധിക്കാന്‍ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ യുവതിയോട് ആവശ്യപ്പെട്ടു. ആപ്പിലൂടെ 4.16 ലക്ഷം രൂപയുടെ ബിറ്റ്‌കോയിന്‍ വാങ്ങാന്‍ സൈബര്‍ ഉദ്യോഗസ്ഥന്‍ ശ്രമം നടത്തിയെങ്കിലും ഇടപാട് നടത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് യുവതിയുടെ ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങളുപയോഗിച്ച് നാല് ലക്ഷത്തോളം രൂപയുടെ ഷോപ്പിങ് നടത്തി.
അതിനുശേഷമായിരുന്നു ‘നാര്‍ക്കോട്ടിക് പരിശോധന’. നഗ്നയാവാന്‍ യുവതി നിര്‍ബന്ധിതയായി. നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത പക്ഷം യുവതിയേയും കുടുംബാംഗങ്ങളേയും അറസ്റ്റ് ചെയ്യുമെന്നും കൊല്ലുമെന്നും ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് യുവതിയുടെ നഗ്നവീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ 10 ലക്ഷം രൂപ നിശ്ചിത സമയത്തിനുള്ളില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. കാര്യങ്ങള്‍ ഇത്രയുമായപ്പോഴേക്കും അഭിഭാഷക പോലീസിനെ സമീപിച്ചു. യുവതിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.