ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിലെ അറസ്റ്റില്‍ പ്രതികരിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ജയിലില്‍ ആയാലും പുറത്തായാലും ജീവിതം രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ചതാണെന്ന് കെജ്‌രിവാള്‍ പ്രതികരിച്ചു. അറസ്റ്റിന് ശേഷമുള്ള ആദ്യ പ്രതികരണമാണിത്.’
എന്റെ ജീവിതം രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ചതാണ്. അത് ജയിലില്‍ ആയാലും പുറത്തായാലും’ എന്നായിരുന്നു പ്രതികരണം. കേസില്‍ വാദം കേള്‍ക്കുന്നതിനായി റോസ് അവന്യൂ കോടതിയില്‍ കൊണ്ടുപോകുന്നതിനിടെയായിരുന്നു പ്രതികരണം.
മദ്യനയ അഴിമതിക്കേസില്‍ ഗൂഢാലോചനക്കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ പത്ത് ദിവസത്തെ റിമാന്‍ഡാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ വാദം പൂര്‍ത്തിയായി. കോടതി ഇത് അനുവദിയ്ക്കുകയും ചെയ്തു. അറസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി അരവിന്ദ് കെജ്‌രിവാള്‍ പിന്‍വലിച്ചിട്ടുണ്ട്.
ഹര്‍ജി പിന്‍വലിക്കുകയാണെന്ന് അഭിഭാഷകന്‍ അഭിഷേഖ് മനു സിങ്‌വി കോടതിയെ അറിയിക്കുകയായിരുന്നു.സുപ്രീം കോടതിയില്‍ അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇഡി കവിയറ്റ് ഹര്‍ജി നല്‍കിയിരുന്നു. ഇഡിയുടെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇതിന് പിന്നാലെയാണ് കെജ്രിവാള്‍ താന്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചത്.