ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നീതിഷിനെതിരെ ബലാത്സംഗ കേസും. സുഹൃത്തിൻറെ അമ്മയെ ബലാത്സംഗം ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. 2016 നു ശേഷം പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഗന്ധർവൻ ചെയ്യുന്നതാണെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് നിതീഷിനെയും കൂട്ടു പ്രതി വിഷ്ണുവിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ നിതീഷിനെയും വിഷ്ണുവിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ബലാത്സംഗത്തിൻറെ ചുരുൾ അഴിഞ്ഞത്. 2016 നു ശേഷം സുഹൃത്തിൻറെ അമ്മയെ പലതവണ ബലാത്സംഗം ചെയ്തതായി നിതീഷ് പോലീസിനോട് സമ്മതിച്ചു. സത്രീയുടെ പരാതിയിലാണ് നിതീഷിനെതിരെ കേസെടുത്തത്. പൂജയുടെ ഭാഗമായി ഗന്ധർവനെത്തുന്നതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണിത് ചെയ്തത്. ഇതോടൊപ്പം കെട്ടിട നിർമ്മാണ സ്ഥലത്തു നിന്നും കമ്പിയും സിമൻറും മോഷ്ടിച്ചതിന് ഇരുവർക്കുമെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തു.
വർഷങ്ങളായി കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലും നടന്ന നിരവധി മോഷണ കേസുകളിൽ ഇവർ പ്രതിയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആക്രി സാധനങ്ങൾ പോലുള്ളവയാണ് ഇവർ മോഷ്ടിച്ചിരുന്നത്. ഇതിൽ നിന്നും കിട്ടുന്ന തുക ഉപയോഗിച്ചാണിവർ ജീവിച്ചിരുന്നത്. വിജയൻറെ കുടുംബത്തിൽ എത്തിയ നിതീഷ് എല്ലാവരെയും തൻറെ അടിമയാക്കി മാറ്റിയിരുന്നു.
വീട്ടിൽ ഗന്ധർവൻ എത്തുന്നു വിശ്വസിപ്പിക്കാൻ പലവിധത്തിലുള്ള പൊടിക്കൈകളും പൂജകളും ഇയാൾ നടത്താറുണ്ടായിരുന്നു. ഗന്ധർവൻ വീട്ടിലേക്ക് കത്തെഴുതുമെന്ന് വരെ പറഞ്ഞ് വിശ്വിപ്പിച്ചു. ഇത്തരത്തിൽ ഇയാൾ തന്നെ കത്തുകളെഴുതി പലഭാഗത്ത് വച്ച ശേഷം വീട്ടുകാരെ ഇത് കാണിക്കുമായിരുന്നു.
മറ്റു പല തരത്തിലുള്ള കുറ്റങ്ങൾ ഇയാൾ ചെയ്തതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിൽ വ്യക്തത വരുത്താൻ കൂട്ടു പ്രതിയായ വിഷ്ണുവിൻറെ അമ്മയെയും സഹോദരിയെയും പൂർവ്വ സ്ഥിതിയിലാക്കാൻ നിരവധി തവണ പോലീസ് കൗൺസലിംഗ് നൽകി. ഇപ്പോഴും ഇത് തുടരുകയാണ്. വിഷ്ണുവിൻറെ പരിക്ക് ഭേദമായാൽ രണ്ടുപേരെയും ഒരുമിച്ച് കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിൻറെ നീക്കം.
കട്ടപ്പനയിലെ ഇരട്ടക്കൊലപാതകത്തിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയത് സാഗര ജംഗ്ഷനിൽ വിജയൻറെ സ്വന്തം വീട്ടിൽ വച്ചാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. നിതീഷ് എത്തുന്നത് വരെ അയൽക്കാരും ബന്ധുക്കളുമായി നല്ല ബന്ധത്തിലായിരുന്നു വിജയൻറെ കുടുംബം. അയൽവാസികളൊക്കെ വീട്ടിൽ വരികയും ചെയ്യുമായിരുന്നു. നല്ലപോലെ പഠിക്കുന്നയാളായിരുന്നു വിജയൻറെ മകൾ.
ഇടക്ക് കൈക്ക് വേദനയുണ്ടായി. പൂജകളും മറ്റും ചെയ്തിരുന്ന നിതീഷിനെ കണ്ടപ്പോൾ ആരോ കൂടോത്രം ചെയ്തതാണെന്നും ചില പൂജകൾ ചെയ്യണമെന്നും പറഞ്ഞു. അങ്ങനെയാണ് വിജയൻറെ കുടുംബവുമായി നിതീഷ് ബന്ധം സ്ഥാപിക്കുന്നത്. വിജയനും കുടുംബാംഗങ്ങൾക്കും പൂജകളിലും മറ്റും അമിതമായ വിശ്വാസമുണ്ടായിരുന്നു.
ഇതിനിടെ നിതീഷിൽ നിന്നും പെൺകുട്ടി ഗർഭിണിയായി. ഇതോടെ കുട്ടിയെ വീട്ടിനുളളിലാക്കി. മറ്റാരെങ്കിലും കണ്ടാൽ കണ്ണുകിട്ടുമെന്ന് പൂജാരി പറഞ്ഞിട്ടുണ്ടെന്നാണ് നാട്ടുകാരോട് പറഞ്ഞത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷമാണ് സ്ഥലം വിറ്റ് ഇവിടെ നിന്നും പോയത്. വാടകക്ക് താമസിച്ച സ്ഥലത്തൊന്നും സ്ത്രീകളെ നിതീഷ് പുറത്തിറക്കാറില്ലായിരുന്നു.
സംഭവം പുറത്തറിയുമെന്ന് ഭയന്നാണിതെന്നാണ് കരുതുന്നത്. കക്കാട്ടുകടയിലെ വീട്ടിലും ഇതായിരുന്നു അവസ്ഥ. ഇവിടെയും പൂജകൾ നടത്തിയതിൻറെ ലക്ഷണങ്ങളുണ്ടായിരുന്നു. നിതീഷിനെ ഭയന്നാണ് എല്ലാവരും കഴിഞ്ഞിരുന്നത്. അതിനാലാണ് രണ്ടു കൊലപാതകങ്ങളും പുറത്തറിയാതെ വന്നത്.