മുംബൈ: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളുടെ കരുത്ത് തെളിയിച്ച് ഇന്ത്യ സഖ്യം. മുംബൈയിലെ ശിവാജി പാര്‍ക്കിലാണ് ഇന്ത്യ മുന്നണിയുടെ മഹാറാലി നടന്നത്. മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം കൂടിയായ റാലിയില്‍ പതിനായിരക്കണക്കിന് ജനങ്ങളാണ് അണിനിരന്നത്. റാലിയുടെ വേദിയില്‍ സഖ്യത്തിലെ നേതാക്കള്‍ കൈകോര്‍ത്ത് മുദ്രാവാക്യം വിളിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് ഉദ്ധവ് താക്കറെ, എന്‍.സി.പി (ശരദ് പവാര്‍ വിഭാഗം) നേതാവ് ശരദ് പവാര്‍, ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവ്, ആം ആദ്മി പാര്‍ട്ടി നേതാവ് സൗരഭ് ഭരദ്വാജ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചമ്പൈ സോറന്‍, മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പ്പന സോറന്‍ തുടങ്ങി പ്രമുഖ നേതാക്കള്‍ റാലിയുടെ ഭാഗമായി.
റാലിയില്‍ രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചു. ബോളിവുഡിനെ വെല്ലുന്ന നടനാണ് നരേന്ദ്ര മോദിയെന്ന് പരിഹസിച്ച രാഹുല്‍ ‘രാജാവി’ന്റെ ആത്മാവ് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലാണ് കുടികൊള്ളുന്നതെന്നും പറഞ്ഞു. രാജ്യത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാനായി തങ്ങള്‍ക്ക് 4000 കിലോമീറ്റര്‍ നടക്കേണ്ടിവന്നു.
ഇന്ത്യ മുന്നണിയാണ് കേന്ദ്രത്തില്‍ അടുത്ത സര്‍ക്കാര്‍ രൂപവത്കരിക്കുകയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ. നേതാവുമായ എം.കെ. സ്റ്റാലിന്‍ പറഞ്ഞു. ഭയം കാരണം ‘ഇന്ത്യ’ എന്ന പേര് ഉപയോഗിക്കുന്നത് ബി.ജെ.പി. നിര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഊതിവീര്‍പ്പിച്ച ബലൂണാണ് ബി.ജെ.പിയെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ നമ്മള്‍ തന്നെയാണ് ആ ബലൂണ്‍ ഊതി വീര്‍പ്പിച്ചത്. മോദിക്ക് താനും തന്റെ പ്രധാനമന്ത്രിക്കസേരയും മാത്രമാണ് കുടുംബമെന്നും അദ്ദേഹം പറഞ്ഞു.
മതത്തിന് അതീതമായി നമുക്ക് ഇന്ത്യയെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള പറഞ്ഞു. വോട്ട് ചെയ്യുമ്പോള്‍ എല്ലാവരും വി.വി.പാറ്റ് രസീത് നോക്കി ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ മുന്നണിയുടെ ബിഹാറിലെ പ്രകടനം ആശ്ചര്യകരമായിരിക്കുമെന്ന് ആര്‍.ജെ.ഡി. നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു. ഭരണഘടന സംരക്ഷിക്കാനായാണ് രാഹുല്‍ ഗാന്ധി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നത്. സംസ്ഥാനത്തെ മഹാഗഡ്ബന്ധന്റെ സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ജയിലില്‍ പോകാന്‍ ഭയമില്ലാത്തതിനാലാണ് തങ്ങള്‍ ഇതുപോലെ ഒന്നിച്ചിരിക്കുന്നതെന്ന് എ.എ.പി. നേതാവും ഡല്‍ഹി ആരോഗ്യമന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. തിരഞ്ഞെടുപ്പ് ബോണ്ടിന് പിന്നിലെ അഴിമതി ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കാന്‍ ഫേസ്ബുക്ക് ലൈവ് ചെയ്യേണ്ടതുണ്ടെന്നും സോഷ്യല്‍ മീഡിയ എങ്ങനെ ഉപയോഗിക്കാമെന്ന് അവരെ ബോധവത്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് മാതൃകയില്‍ ഏകപാര്‍ട്ടി ഭരണവും റഷ്യയിലെ പുതിന്‍ഭരണവും കൊണ്ടുവരാനാണ് മോദി ശ്രമിക്കുന്നതെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു. വികസനവും സ്ത്രീസുരക്ഷയും വാഗ്ദാനം ചെയ്താണ് മോദി അധികാരത്തിലെത്തിയത്. എന്നാല്‍ അധികാരത്തിലെത്തിയപ്പോള്‍ അതൊന്നും പാലിച്ചില്ല. ഭരണഘടനയെ സംരക്ഷിക്കാനാണ് വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങള്‍ പിന്തുടരുന്ന നേതാക്കള്‍ ഒന്നിച്ചുചേര്‍ന്നതെന്നും അവര്‍ പറഞ്ഞു.
അതേസമയം സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് റാലിയില്‍ പങ്കെടുത്തില്ല. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ റാലിയില്‍ പങ്കെടുക്കുന്നില്ല എന്ന് അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. ഇടതുപാര്‍ട്ടികള്‍ റാലിയില്‍ പങ്കെടുത്തില്ല.