ബിഗ് ബോസില്‍ ഇത്തവണത്തെ ആദ്യ എവിക്ഷൻ,പുറത്തായത് ആ മത്സരാര്‍ഥി
കൊച്ചി:ബിഗ് ബോസ് ആറാം സീസണിലെ ആദ്യ എവിക്ഷൻ നടന്നിരിക്കുകയാണ്. അത്യധികം നാടകീയമായാണ് പുറത്താകല്‍ നടന്നിരിക്കുന്നത്. അവതാരകൻ മോഹൻലാലാണ് ബിഗ് ബോസ് ഷോയില്‍ നിന്ന് ഇന്ന് പുറത്തുപോകേണ്ട മത്സരാര്‍ഥിയുടെ പേര് പ്രഖ്യാപിച്ചത്. ലോഞ്ചിംഗ് മുതലേ നിറഞ്ഞുനിന്ന് മലയാളം ഷോയുടെ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച രതീഷ് കുമാറാണ് അപ്രതീക്ഷിതമായി പുറത്തായിരിക്കുകയാണ്.
ഇന്ന് ഒരാള്‍ പുറത്തുപോകുമെന്ന് വ്യക്തമാക്കി തുടങ്ങിയ മോഹൻലാല്‍ ഓരോ മത്സരാര്‍ഥിയോടും എവിക്ഷൻ സംബന്ധിച്ച് തിരക്കി. ആദ്യം രതീഷിനോടായിരുന്നു മോഹൻലാല്‍ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയത്. ആദ്യത്തെ എലിമിനേഷൻ പട്ടികയില്‍ ഉള്‍പ്പെട്ടതെങ്ങനെയെന്ന് ചോദിക്കുകയായിരുന്നു അവതാരകൻ മോഹൻലാല്‍ രതീഷിനോട്. ചെയ്‍തതിന്റെ ഫലമാണ് ഞാൻ അനുഭവിക്കുന്നതെന്നായിരുന്നു ചോദ്യത്തിന് ബിഗ് ബോസിലെ ഒരു പ്രധാന മത്സരാര്‍ഥിയായ രതീഷ് കുമാര്‍ മറുപടി നല്‍കിയത്.
അവസാന ഘട്ടമെത്തിയപ്പോഴാണ് എവിക്ഷൻ പ്രഖ്യാപിച്ചത്. എലിമിനേഷൻ പട്ടികയിലുള്ള എല്ലാവരോടും മുന്നിലോട്ട് വരാൻ മോഹൻലാല്‍ ആവശ്യപ്പെടുകയായിരുന്നു. ഓരോ ആളുടെയും ശബ്‍ദം കേള്‍പ്പിക്കുമ്പോള്‍ താൻ നിന്ന ഇടത്ത് നിന്ന് മുന്നില്‍ അടയാളപ്പെടുത്തിയ മാര്‍ക്കിലേക്ക് വന്ന് നില്‍ക്കാനും ചുവന്ന മാര്‍ക്കില്‍ എത്തുന്നവര്‍ പുറത്താകുകയും ചെയ്യുന്നതാണ് എന്നാണ് ബിഗ് ബോസ് അറിയിച്ചത്. അങ്ങനെ എത്തിയത് രതീഷ് കുമാറായതോടെ ഷോയില്‍ നിന്ന് പുറത്താകുകയായരുന്നു.
ബിഗ് ബോസിലെ അവതരണ ഗാനം തന്നെ രതീഷ് കുമാര്‍ മറ്റൊരു ഈണത്തില്‍ പാടി അവതാരകൻ മോഹൻലാലിനെയടക്കം എൻട്രിയില്‍ അമ്പരപ്പിച്ചാണ് തുടങ്ങിയത്. തനത് ശൈലിയിലായിരുന്നു ആ ഗാനം വേദിയില്‍ രതീഷ് കുമാര്‍ മനോഹരമായി അവതരിപ്പിച്ചത് എന്നതിനാലും പ്രേക്ഷകരുടെ ശ്രദ്ധയുമാകര്‍ഷിച്ചു. ബിഗ് ബോസ് വീട്ടിലേക്ക് എത്തിയപ്പോള്‍ തന്നെ മറ്റൊരു രസകരമായ പാട്ടുമായി മത്സരാര്‍ഥികളെയും കയ്യിലെടുക്കാൻ രതീഷ് കുമാറിന് സാധിച്ചു.
എന്തായാലും മിമിക്രിയും പാട്ടുകളും ഡാൻസുമൊക്കെയായി ഷോയില്‍ രതീഷ് കുമാര്‍ നിറഞ്ഞുനില്‍ക്കും എന്ന് കരുതാമെന്ന് അഭിപ്രായമുണ്ടായെങ്കിലും അതെല്ലാം തെറ്റിച്ച് പുറത്തുപോകേണ്ടി വന്നിരിക്കുകയാണ് രതീഷ് കുമാറിന്.