മുംബൈ:റിസര്‍വ് ബാങ്ക് വിലക്ക് നേരിടുന്ന ഫിന്‍ടെക് ആപ്പായ പേടിഎമ്മിന് വീണ്ടും തിരിച്ചടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പേടിഎം പേയ്മെന്റ്‌സിന് 5.49 കോടി രൂപ പിഴ ചുമത്തി. ഫെബ്രുവരി 29 മുതല്‍ അക്കൗണ്ടുകളിലോ വാലറ്റുകളിലോ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പേടിഎമ്മിന് നിര്‍ദേശം നല്‍കി ഒരു മാസത്തിന് ശേഷമാണ് പുതിയ നടപടി. ഇടപാടുകള്‍ നിര്‍ത്താനുള്ള കാലാവധി മാര്‍ച്ച് 15 വരെ നീട്ടി നല്‍കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ ചൂതാട്ടം ഉള്‍പ്പെടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പേടിഎം പങ്കാളിയായതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയെന്ന് ഫിനാന്‍ഷ്യന്‍ര്‍ ഇന്റലിജന്‍സ് യൂണിറ്റ് അറിയിച്ചു. പേടിഎം പേയ്മെന്റ് ബാങ്കിലെ ഈ പിഴയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി ധനമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭിച്ച പണം കള്ളപ്പണം തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) വ്യവസ്ഥകള്‍ ലംഘിച്ച് പേടിഎം പേയ്മെന്റ് ബാങ്ക് വഴിയാണ് ചില സ്ഥാപനങ്ങള്‍ ഇത്തരം ഫണ്ടുകള്‍ വഴിതിരിച്ചുവിട്ടതെന്ന് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്-ഇന്ത്യ വ്യക്തമാക്കി.
യഥാര്‍ത്ഥത്തില്‍, UPI സേവനങ്ങള്‍ക്ക് പേടിഎം പേയ്മെന്റുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍, അത് മാര്‍ച്ച് 15-ന് ശേഷം പ്രവര്‍ത്തിക്കില്ല. ഈ സേവനം തുടരണമെങ്കില്‍ ഉപഭോക്താക്കളും വ്യാപാരികളും അവരുടെ പേടിഎം യുപിഐ മറ്റേതെങ്കിലും ബാങ്കുമായി ലിങ്ക് ചെയ്യേണ്ടിവരും. ഇത് സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ആര്‍ബിഐ അടുത്തിടെ പുറത്തിറക്കി.
പേടിഎം പേയ്മെന്റ് ബാങ്കുമായി യുപിഐ ഹാന്‍ഡില്‍ ലിങ്ക് ചെയ്തിരിക്കുന്ന ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും മാത്രമായിരിക്കും UPI ഹാന്‍ഡില്‍ മൈഗ്രേഷന്‍ എന്ന് ആര്‍ബിഐ അറിയിച്ചു. പേടിഎം പേയ്മന്റ്‌സ് ബേങ്ക് പുതിയ ഇടപാടുകാരെ ചേര്‍ക്കുന്നതും വായ്പ നല്‍കുന്നതും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തടഞ്ഞിരുന്നു. ബേങ്കിന്റെ കെവൈസി പ്രക്രിയകളിലെ ക്രമക്കേടുകളെ തുടര്‍ന്നായിരുന്നു ഈ നിരോധനം ഏര്‍പ്പെടുത്തിയത്.
2017ലാണ് പേടിഎം പേയ്മെന്റ് ബേങ്ക് സ്ഥാപിതമായത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമുകളില്‍ ഒന്നാണിത്. രാജ്യത്തെ യുപിഐ പേയ്മെന്റുകള്‍ക്കായുള്ള മൂന്നാമത്തെ വലിയ ആപ്പാണ് പേടിഎം. 1.6 ബില്യണ്‍ പ്രതിമാസ ഇടപാടുകളാണ് ഇതുവഴി നടക്കുന്നത്. ഫോണ്‍പേ, ഗൂഗിള്‍പേ എന്നിവയാണ് ഈ രംഗത്തെ ആദ്യ സ്ഥാനങ്ങളിലുള്ള രണ്ട് കമ്പനികള്‍.
പേടിഎം ബാങ്കിനെതിരായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടികളില്‍ ഭയന്ന് ജീവനക്കാരന്‍ ജീവനൊടുക്കിയിരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ ഗൗരവ് ഗുപ്ത (35) ജോലി നഷ്ടമാകുമോയെന്ന ഭയത്താല്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
റിസർവ് ബാങ്ക് നടപടിയെത്തുടര്‍ന്ന് കമ്പനി അടച്ചൂപൂട്ടുമോയെന്നും ജോലി നഷ്ടപ്പെടുമോയെന്നും ഭയന്ന് ഗൗരവ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ താരേഷ് കുമാര്‍ സോണി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
ഞായറാഴ്ചയാണ് ഗൗരവിനെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് മരണക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നത് സംബന്ധിച്ച മാനസിക സമ്മര്‍ദമാണ് ഗൗരവ് ജീവനൊടുക്കാന്‍ കാരണമെന്ന് വിശ്വസിക്കുന്നതായി പോലീസ് പറഞ്ഞു. മാര്‍ച്ച് 15-ന് ശേഷം ഉപഭോക്താക്കളില്‍ നിന്ന് നിക്ഷേപങ്ങളും ക്രെഡിറ്റുകളും സ്വീകരിക്കുന്നതിന് റിസര്‍വ് ബാങ്ക് പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡിനെ വിലക്കിയിരുന്നു.
ചട്ടങ്ങള്‍ കൃത്യമായി പാലിക്കാത്തതും മേല്‍നോട്ടത്തിലെ പ്രശ്‌നങ്ങള്‍ കാരണവും മാര്‍ച്ച് 15നുള്ളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിനെതുടര്‍ന്ന് പേടിഎമ്മിന്റെ ഓഹരികളില്‍ വന്‍ ഇടിവ് നേരിട്ടിരുന്നു.